Movie :

kerala home tv show and news

Home » » ബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍

ബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍

{[['']]}
Kerala tv show and newsബിസിനസ് വെല്ലുവിളികളെ നേരിടാന്‍ നിങ്ങള്‍ക്കിതാ വിജയിച്ച ചില തന്ത്രങ്ങള്‍  

ന്നത്തെ സാഹചര്യത്തില്‍ ഏത് ബിസിനസുകാരനും സ്വീകരിക്കാവുന്ന ഉപദേശമാണിത്. ചൈനീസ് ഭാഷയില്‍ പ്രതിസന്ധി രണ്ട് യഥാര്‍ത്ഥ്യങ്ങളുടെ സങ്കലനമാണ്. ഒന്ന് അപകടം, മറ്റൊന്ന് അവസരം.
മത്സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യങ്ങളില്‍ ബിസിനസ് രംഗത്ത് വെല്ലുവിളികള്‍ ഉയരുകയെന്നത് സാധാരണ സംഭവം മാത്രമാണ്. വലുപ്പചെറുപ്പ ഭേദമില്ലാതെ ഓരോ സംരംഭവും സംരംഭകനും വ്യത്യസ്ത ഘട്ടങ്ങളില്‍ വെല്ലുവിളികളെ നേരിടേണ്ടിയും വരുന്നുണ്ട്. മുന്നിലുള്ള പ്രതിസന്ധി എന്താണെന്ന് തിരിച്ചറിഞ്ഞ്, അത് അംഗീകരിച്ച്, ഫലപ്രദമായ നടപടികളിലൂടെ അതിനെ മറികടന്ന് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയെന്നതാണ് ഈ ഘട്ടത്തില്‍ ദീര്‍ഘകാല നിലനില്‍പ്പ് കാംക്ഷിക്കുന്ന ബിസിനസുകാര്‍ ചെയ്യേണ്ടത്. 

ഒരു പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെങ്കില്‍ ആദ്യം വേണ്ടത് പ്രശ്‌നം ഉണ്ടെന്ന് അംഗീകരിക്കുകയാണ്. പ്രതിസന്ധിയുണ്ടെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ അതിനെ മറികടക്കാന്‍ സാധിക്കില്ല. രാജ്യാന്തര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ കാര്യം തന്നെയെടുക്കാം. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ 2010ല്‍ യു.എസ് കോണ്‍ഗ്രസിനോടും അമേരിക്കയിലെ ടൊയോട്ട വാഹന ഉടമകളോടും പരസ്യമായി അവര്‍ മാപ്പുപറയേണ്ടി വന്നു. ഭാവിയില്‍ ഇത്തരമൊരു കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അവര്‍ പൊതുസമൂഹത്തിന് ഉറപ്പും നല്‍കി. ഇത് ടൊയോട്ടയെ കുറച്ചൊന്നുമല്ല ഉലച്ചത്. ഈ സംഭവത്തിനുശേഷം ടീം ടൊയോട്ട ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തെറ്റില്‍ നിന്ന് പാഠം പഠിച്ചു. ഈ വര്‍ഷാദ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കള്‍ എന്ന സ്ഥാനം അവര്‍ തിരിച്ചുപിടിച്ചു.

വിജയത്തിന്റെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന കാലത്തേക്കാള്‍ ഏറെ കാര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടം സംരംഭകരെ പഠിപ്പിക്കുന്നുണ്ട്. വിജയത്തേക്കാള്‍ മികച്ച അധ്യാപകന്‍ പ്രതിസന്ധിയാണെന്ന് ചുരുക്കം. ബിസിനസില്‍ അതുവരെ നടന്ന് ശീലിച്ച വഴികളില്‍ നിന്നുള്ള അടിമുടി മാറ്റമാണ് പ്രതിസന്ധി ഘട്ടം ആവശ്യപ്പെടുന്നത്. ബിസിനസിന്റെ അടിസ്ഥാന ശിലകള്‍ തന്നെ പുനരവലോകനത്തിന് വിധേയമാക്കപ്പെടേണ്ടി വരും. ഒരുപക്ഷേ ഇതെല്ലാം വലിയൊരു കുതിച്ചുചാട്ടത്തിന് വഴിവെച്ചേക്കാം.

ഓട്ടോമൊബില്‍, എഫ്.എം.സി.ജി, ഇന്‍ഷുറന്‍സ്, ടെലികോം തുടങ്ങി സര്‍വ മേഖലയിലും തളര്‍ച്ചയുടെ സൂചനകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇതിനിടയിലും ചില സ്മാര്‍ട്ട് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ സ്മാര്‍ട്ട് നീ്ക്കങ്ങളിലൂടെ വിപണിയില്‍ മുന്നേറ്റമുണ്ടാക്കുന്നുണ്ട്. അവര്‍ പരീക്ഷിക്കുന്ന തന്ത്രങ്ങള്‍ പലതും കാലത്തിന്റെ ഉരകല്ലില്‍ മാറ്റുരച്ച് മൂല്യം തെളിയിച്ചവയുമാണ്.

കടുത്ത വെല്ലുവിളി = കടുത്ത നടപടി
ഓഗസ്റ്റില്‍ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി 26,000 പരിപാടികളാണ് സംഘടിപ്പിച്ചത്. എല്ലാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളവ. എക്‌സ്‌ചേഞ്ച് മേളകള്‍, ഫിനാന്‍സ് ലഭ്യമാക്കുന്നതിനുള്ള ക്യാംപുകള്‍, എയര്‍ കണ്ടീഷണര്‍ ചെക്കപ്പ് ക്യാംപുകള്‍ അങ്ങനെ പലവിധത്തിലുള്ള പരിപാടികളിലൂടെ മാരുതിയുടെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. മാരുതി കാര്‍ വാങ്ങാന്‍ സാധ്യതയുള്ള ഓരോ ഉപഭോക്താവിലേക്കും എത്തുക. അവരുടെ ഉള്ളിലെ മോഹത്തെ ഊതിക്കാച്ചി അവരെ വാങ്ങലുകാരാക്കുക. 'കടുത്ത വെല്ലുവിളി ഉയരുന്ന ഘട്ടങ്ങള്‍ കടുത്ത നടപടികള്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്. ഓഫീസിലിരുന്നുകൊണ്ട് ഞങ്ങള്‍ക്ക് കാര്‍ വില്‍ക്കാന്‍ സാധിക്കില്ല,' വിപണിയിലെ വെല്ലുവിളി തിരിച്ചറിഞ്ഞ് ആഴ്ചയില്‍ ഏഴ് ദിവസവും കഠിനമായി അധ്വാനിക്കുന്ന മാരുതിയുടെ വിപണന വിഭാഗം മേധാവി മായാങ്ക് പരീഖ് പറയുന്നു.

സാമ്പത്തിക രംഗത്തെ പ്രതിസന്ധി വിലക്കയറ്റത്തിന് ഇടയാക്കി എന്നു മാത്രമല്ല ജോലി സ്ഥിരതയെ കൂടി പ്രതികൂലമായി ബാധിച്ചിരിക്കുന്നു. ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്. പണം ചെലവിടാന്‍ ഉപഭോക്താവ് മടിച്ചതോടെ ഇലക്്‌ട്രോണിക്‌സ്, ഓട്ടോമൊബീല്‍ രംഗങ്ങളില്‍ വില്‍പ്പന അവതാളത്തിലായി. ഇന്ത്യന്‍ ഉപഭോക്താവിന്റെ മനസ് പഠിച്ചെടുത്തിട്ടുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പ് സി.ഇ.ഒ കിഷോര്‍ ബിയാനിയെ പോലുള്ളവര്‍ ഈ സമയത്ത് ബിസിനസുകാര്‍ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകണമെന്ന ഉപദേശമാണ് നല്‍കുന്നത്. 'അഗ്രസീവായി മുന്നേറേണ്ട സമയമാണിത്. മാര്‍ക്കറ്റിംഗ് രംഗത്തുള്ളവര്‍ ശാന്തരായി ഇരുന്നാല്‍ ഉപഭോക്താവും തണുപ്പനാകും,' കിഷോര്‍ ബിയാനി മുന്നറിയിപ്പ് തരുന്നു. അപ്പോള്‍ വിപണിയില്‍ നിന്ന് മുഖം തിരിച്ച് തണുപ്പന്മാരായി ഇരിക്കുന്ന ഉപഭോക്താവിനെ പ്രേരിപ്പിച്ച് വിപണനം നടത്താന്‍ എന്ത് നടപടി സ്വീകരിക്കണം? ഇതാ ചില വിജയതന്ത്രങ്ങള്‍.

നിഷ് (niche) മാര്‍ക്കറ്റുകള്‍ കണ്ടെത്തുക
പൊതുവിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങള്‍ക്ക് പുറമേ പ്രത്യക്ഷമായി വില്‍പ്പനയില്‍ മുന്നേറ്റം കൊയ്യാന്‍ ഉപകരിക്കുന്ന ചില പ്രത്യേക തന്ത്രങ്ങള്‍ ഇക്കാലത്ത് കമ്പനികള്‍ സ്വീകരിക്കുന്നുണ്ട്. അതുവരെ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെടാത്ത വിപണിയിലേക്ക്, സവിശേഷമായ തന്ത്രങ്ങളോടെ കടക്കുകയെന്നതാണ് അതിലൊന്ന്. താരതമ്യേന ചുരുങ്ങിയ ചെലവില്‍ കാര്യമായ വില്‍പ്പന ഇതിലൂടെ കമ്പനികള്‍ നേടിയെടുക്കുന്നുമുണ്ട്.

മാരുതി അവരുടെ വിപുലമായ ശൃംഖലയുടെ കഴിവും വൈദഗ്ധ്യവും ഇത്തരത്തിലുള്ള നിഷ് മാര്‍ക്കറ്റിംഗിനായി വിനിയോഗിക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ വിശകലനം ചെയ്തു കൂടിയാണ് ഇവര്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഉദാഹരണത്തിന് ഗുജറാത്തിലെ ജാം നഗറില്‍ പരുത്തി, നിലക്കടല കര്‍ഷകര്‍ക്ക് ഈ സീസണില്‍ മികച്ച വിളവാണ് ല‘ിച്ചത്. ഉയര്‍ന്ന വിലയും ലഭിച്ചു. ഈ സാഹചര്യം മുതലെടുക്കാന്‍ ഈ മേഖലയില്‍ മാരുതി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. അവിടത്തെ ഉപഭോക്താവിന് അനുയോജ്യമായ മോഡല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. സമാനമായ തന്ത്രമാണ് വോഡഫോണ്‍ മുംബൈയിലെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പ്രയോഗിച്ചത്. തൊഴിലാളികള്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇവര്‍ ഒരുക്കി.

ഗോദ്‌റെജ് കമ്പനി തന്ത്രം മാറ്റി തങ്ങളുടെ ഒരു ഉല്‍പ്പന്നം കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചതും ഇക്കാലത്താണ്. ഗോദ്‌റെജിന്റെ റൂം, കാര്‍ ഫ്രഷ്‌നര്‍ ഒരു എഫ്.എം.സി.ജി ഉല്‍പ്പന്നമായാണ് പ്രാരംഭ ഘട്ടത്തില്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ അവരുടെ വിപണി പഠനത്തില്‍ നിന്ന് ഹോം കെയറും കാര്‍ കെയറും വ്യത്യസ്ത മേഖലകളാണെന്ന് തിരിച്ചറിഞ്ഞു. മാത്രമല്ല, കാറുടമകള്‍ കാര്‍ ആക്്‌സസറീസ് വില്‍പ്പന നടത്തുന്ന ഷോപ്പുകളില്‍ ഏറെ സമയം ചെലവിടുന്നവരാണെന്നും കണ്ടെത്തി. ഇതോടെ കാര്‍ ഫ്രഷ്‌നര്‍ കാര്‍ ആക്‌സസറീസ് ഷോറൂമുകളിലൂടെ വില്‍പ്പന നടത്തുന്നതിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.

മികച്ച തന്ത്രത്തിനായി ഉപഭോക്താക്കളിലേക്ക്
ഗോദ്‌റെജ് കാര്‍ ഫ്രഷ്‌നറുടെ വില്‍പ്പനക്കായി ശരിയായ വിപണനശൃംഖല തെരഞ്ഞെടുത്തത് വെറുമൊരു ഉള്‍വിളിയുടെ പുറത്തല്ല. അതിനായി അവര്‍ സംസാരിച്ചത് ഒട്ടനവധി ഉപഭോക്താക്കളോടാണ്. ഇതിനായി ഇവര്‍ക്ക് കൃത്യമായ ആസൂത്രണം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ ജൂണില്‍ ഗോദ്‌റെജിന്റെ അഞ്ച് ജീവനക്കാര്‍ അടങ്ങുന്ന ടീം ആഴ്ചയില്‍ 100 ഉപഭോക്താക്കളെ കണ്ടിരിക്കണമെന്ന് ഇവര്‍ നിര്‍ദേശിച്ചു. കണ്‍ക്വസ്റ്റ് എന്ന ഈ പരിപാടിയിലൂടെ ഉപഭോക്താവില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ഇവര്‍ ശാസ്ത്രീയമായി അപഗ്രഥിച്ച് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

ഉപഭോക്താവിന്റെ ഉള്ളറിയാന്‍ പ്രമുഖ കമ്പനികള്‍ നേരിട്ട് വിപണിയിലേക്ക് ഇറങ്ങിയതിനും കാരണമുണ്ട്. ഇത്തരത്തില്‍ ഉപഭോക്തൃസര്‍വേ നടത്തുന്ന ഏജന്‍സികള്‍ എടുക്കുന്ന വിവരങ്ങള്‍ പലകൈമറിഞ്ഞ് ഡാറ്റ രൂപത്തിലാണ് കമ്പനികള്‍ക്ക് മുന്നിലെത്തുന്നത്. ഉപഭോക്താവിന്റെ വികാരവിചാരങ്ങള്‍ ഇതില്‍ അപ്പാടെ പ്രതിഫലിക്കണമെന്നില്ല. എന്നാല്‍ ജീവനക്കാര്‍ നേരിട്ട് ഉപഭോക്താവുമായി സംവദിക്കുമ്പോള്‍ ഉപഭോക്താവിന്റെ ഉള്‍ത്തുടിപ്പ് കൃത്യമായി അറിയാന്‍ സാധിക്കും. ഉല്‍പ്പന്ന രൂപകല്‍പ്പനയിലും വിപണന തന്ത്രങ്ങളിലും ഇത് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും പറ്റും.

ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുമായി സംവദിക്കുന്നവര്‍ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം മെനയുന്നു. മൊബീല്‍ സേവനദാതാക്കളായ ഐഡിയ, ആക്‌സിസ് ബാങ്ക് തുടങ്ങിയവരെല്ലാം കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും 
പുതിയ ഉപഭോക്തൃശ്രേണി വികസിപ്പിച്ചെടുക്കാനും ബഹുമുഖ തന്ത്രങ്ങളാണ് പയറ്റുന്നത്.

ആക്‌സിസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക ഉല്‍പ്പന്നമായ പ്രിവിലേജ് എക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ചെക്കപ്പ്, അടിയന്തിര മെഡിക്കല്‍ സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ കാര്‍ഡ്, പഴയകാല ചലച്ചിത്രഗാനങ്ങളുടെ സിഡി എന്നിവയെല്ലാം നല്‍കുന്നു. ''ബാങ്കിംഗ് മേഖലയില്‍ പുതിയ ഒരു ഉല്‍പ്പന്നം വില്‍ക്കുകയല്ല പ്രധാനം ഉപഭോക്താവുമായി മികച്ച ബന്ധം പടുത്തുയര്‍ത്തുകയാണ്,'' ആക്‌സിസ് ബാങ്കിന്റെ വിപണന വിഭാഗത്തിന് നേതൃത്വം നല്‍കുന്ന മനീഷ് ലാത്ത് പറയുന്നു.

വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കുക
ഏത് ബിസിനസുകാരനും ആത്യന്തികമായി ലക്ഷ്യമിടുന്നത് ഉപഭോക്താവിനെയാണ്. എന്നാല്‍ എല്ലാ ഉപഭോക്താവിലേക്കും നേരിട്ട് കടന്നുചെല്ലാന്‍ സാധിക്കില്ല. ഇതിനിടയില്‍ ഒരു ഇടനിലക്കാരന്‍, ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ റീറ്റെയ്‌ലര്‍ ഉണ്ടാകും. ഇവര്‍ എങ്ങനെ ഒരു ഉല്‍പ്പന്നത്തെ പിന്തുണയ്ക്കുന്നുവെന്നതും ഇക്കാലത്ത് നിര്‍ണായകമാണ്. ഇലക്ട്രോണിക്‌സ് വിപണിയിലേക്ക് നോക്കൂ. ഓരോ വിഭാഗത്തിലും ഒട്ടനവധി ഉല്‍പ്പന്നങ്ങള്‍ കാണും. ഇവ തമ്മില്‍ കാര്യമായ അന്തരവുമില്ല. അപ്പോള്‍ അന്തിമ തീരുമാനത്തിന് ഉപഭോക്താവ് വില്‍പ്പനക്കാരന്റെ വാക്കുകള്‍ ശ്രവിക്കും. ഈ ഘട്ടത്തില്‍ ഏത് ഉല്‍പ്പന്നത്തെ വില്‍പ്പനക്കാരന്‍ പിന്തുണയ്ക്കുന്നുവോ അതാകും ഉപഭോക്താവ് വാങ്ങുന്നത്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് കമ്പനികള്‍ വില്‍പ്പനക്കാര്‍ക്ക് വ്യത്യസ്തമായ ഇന്‍സെന്റീവുകളാണ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ എയര്‍സെല്‍ ലക്ഷ്യമിട്ടത് തങ്ങളുടെ വിപണനക്കാരുടെ ഭാര്യമാരെയാണ്. ഏറ്റവും കൂടുതല്‍ എയര്‍സെല്‍ കണക്ഷന്‍ വില്‍ക്കുന്ന ഡീലറുടെ ഭാര്യയ്ക്ക് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത് ഹ്യുണ്ടായ് സാന്‍ട്രോ കാര്‍. രണ്ടാംസ്ഥാനത്തെത്തുന്നയാള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോണിയെ നേരില്‍ കാണാനുള്ള അവസരം ലഭിക്കും. ''സാമ്പത്തിക പ്രതിസന്ധിയുള്ള കാലത്ത് നിങ്ങളുടെ വിപണന ശൃംഖലയിലുള്ളവര്‍ നിങ്ങളുടെ ബിസിനസിനെ സുദൃഢമായി പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്,'' ഡിഷ് ടിവി ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സലില്‍ കപൂര്‍ പറയുന്നു. ഡിഷ് ടിവിയുടെ 48,000 ഡീലര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 7,000ത്തോളം പേരെ കമ്പനി മേധാവികള്‍ നേരില്‍ കണ്ടതും അടുത്തിടെയാണ്. ''ഡീലര്‍മാരുടെ പ്രശ്‌നങ്ങള്‍ നാം പരിഹരിച്ച് നല്‍കിയാല്‍ അവര്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോയിക്കൊള്ളും,'' ബാലാജി വേഫേഴ്‌സിന്റെ ചന്തു വിരാനി പറയുന്നു.

ഗ്രാമങ്ങളിലേക്ക് പോകാം
വളര്‍ച്ച; അതുമാത്രമാണിപ്പോള്‍ കമ്പനി സാരഥികളുടെ മനസിലുള്ള മന്ത്രം. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്താണെങ്കില്‍ പ്രതിസന്ധിയുടെ പുകമഞ്ഞാണ്. തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യത, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവയെല്ലാം പക്ഷേ ആശങ്കയിലാഴ്ത്തുന്നത് നഗരപ്രദേശത്ത് വസിക്കുന്നവരെയാണ്. പകുതി പ്രശ്‌നവും പൊതുവേയുള്ള വിപണി വികാരത്തിന്റെ പുറത്തുള്ളതാണെന്ന വിലയിരുത്തലും കമ്പനി മേധാവികള്‍ നടത്തുന്നുണ്ട്. ഗ്രാമീണ ജനതയില്‍ ഭൂരിഭാഗവും ഇത്തരം സാമ്പത്തിക വാര്‍ത്തകള്‍ വിശകലനം ചെയ്യുന്നില്ല. അവര്‍ക്ക് അതുകൊണ്ട് ആശങ്കകളുമില്ല. പൊതുവേ ഇന്ത്യയില്‍ മികച്ച കാര്‍ഷികോല്‍പ്പാദനമാണ് ഈ സീസണില്‍ ലഭിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്താനുതകുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ക്രയശേഷിയുമുണ്ട്. ഈ വിപണി കണ്ടറിഞ്ഞ കമ്പനികള്‍ റൂറല്‍ മാര്‍ക്കറ്റില്‍ വന്‍ വളര്‍ച്ച നേടുമെന്ന പ്രതീക്ഷയാണ് പങ്കുവെയ്ക്കുന്നത്.

മാരുതി അടുത്തിടെ ഇന്ത്യയില്‍ 300 ഓളം റൂറല്‍ മാര്‍ക്കറ്റുകളാണ് കണ്ടെത്തിയതെന്ന് മാരുതിയുടെ മായാങ്ക് പരീഖ് പറയുന്നു. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍, ജയ്പൂരിലെ പിഞ്ഞാണ്‍ പാത്രനിര്‍മാതാക്കള്‍, ഗുജറാത്തിലെ മരക്കച്ചവടക്കാര്‍, തമിഴ്‌നാട്ടിലെ മഞ്ഞള്‍ കര്‍ഷകര്‍, ഹൈദരാബാദിലെ ഗ്രാനൈറ്റ് പോളീഷര്‍മാര്‍, ബീഹാറിലെ മധുബനി പെയ്ന്റര്‍മാര്‍, സോനാപെട്ടിലെ നട്ട്, ബോള്‍ട്ട് നിര്‍മാതാക്കള്‍ എന്നിങ്ങനെ ക്രയശേഷിയുള്ള എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത വി
ഭാഗത്തെ കേന്ദ്രീകരിച്ച് നടത്തിയ മാരുതിയുടെ നീക്കങ്ങള്‍ ആഭ്യന്തര വിപണിയുടെ 10 ശതമാനത്തോളം ഈ രംഗങ്ങളില്‍ നിന്നെല്ലാം സമാഹരിക്കാന്‍ സഹായിച്ചു.

2013 ഓഗസ്തില്‍ നീല്‍സണ്‍ നടത്തിയ 'India: Boom or Bust' എന്ന പഠനത്തില്‍ 2012ല്‍ ഇന്ത്യയില്‍ തുറന്ന നാല് ലക്ഷം പുതിയ ഷോറൂമുകളില്‍ 70 ശതമാനത്തിലേറെ ഗ്രാമപ്രദേശങ്ങളിലാണെന്ന് പറയുന്നു. കമ്പനികള്‍ ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അവര്‍ അവിടെ അവതരിപ്പിക്കുന്ന ഉല്‍പ്പന്നശ്രേണിയിലും വ്യത്യസ്്തത കൊണ്ടുവരുന്നുണ്ട്. എന്‍ട്രി ലെവല്‍ സാഷെ പായ്ക്കറ്റുകള്‍ക്ക് പകരം ഇടത്തരം റേഞ്ചിലുള്ള വലിയ പായ്ക്കറ്റുകളിലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് ശ്രമിക്കുന്നത്. അത്തരം ഉല്‍പ്പന്നങ്ങളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള മനോഭാവവും ക്രയശേഷിയും ഗ്രാമീണ ജനതയക്കുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണിത്. ഇമാമി, ഡാബര്‍, എല്‍.ജി, വീഡിയോകോണ്‍ എന്നിവരെല്ലാം ഈ തന്ത്രമാണ് പയറ്റുന്നത്. വരുന്ന ഉത്സവ സീസണില്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുതല്‍ സ്മാര്‍ട്ട് ഫോണുകളും ഫഌറ്റ് സ്‌ക്രീന്‍ ടിവികളും എത്തിക്കാനുള്ള തയാറെടുപ്പിലാണ് എല്‍.ജി.

വില വര്‍ധന മന്ദതാളത്തില്‍
വില ഉയര്‍ത്തുന്ന കാര്യത്തില്‍ ചടുലതയില്ലാത്ത കമ്പനികളാണ് ഈ വിപണി സാഹചര്യങ്ങളില്‍ മുന്നേറുന്നതെന്ന കണ്ടെത്തലും നീല്‍സണ്‍ സര്‍വേയിലുണ്ട്. എഫ്.എം.സി.ജി മേഖലയില്‍ അതിവേഗം വളരുന്ന അഞ്ച് കമ്പനികള്‍ ശരാശരി 8.2 ശതമാനം നിരക്കിലാണ് വില വര്‍ധന നടത്തിയത്. 2011ല്‍ ഇത് 11 ശതമാനമായിരുന്നു. എന്നാല്‍ ഈ പട്ടികയില്‍ അവസാന അഞ്ച് സ്ഥാനത്തുള്ള കമ്പനികള്‍ 2011ലെ 9.3 ശതമാനമെന്ന നിരക്കിനേക്കാള്‍ ഉയര്‍ന്നതലത്തിലാണ് 2012ല്‍ വിലവര്‍ധിപ്പിച്ചത്. ശരാശരി 12.5 ശതമാനം. എന്തുകൊണ്ടാണ് ആ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാതിരുന്നതെന്ന് ഇതില്‍ നിന്നും വ്യക്തം.

വിപണിയില്‍ തളര്‍ച്ച പ്രകടമാകുമ്പോള്‍ വില ഒരു നിര്‍ണായക ഘടകം തന്നെയാണ്. എട്ട് മാസക്കാലമായി തുടര്‍ച്ചയായി വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്ന ഓട്ടോമൊബീല്‍ കമ്പനികള്‍ വില കുറച്ചും വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കിയും വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ്. മാരുതി സ്വിഫ്റ്റിനേക്കാള്‍ വില കുറച്ച് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10 വില്‍ക്കുന്നതും ഫോര്‍ഡ് ഫിഗോ അവരുടെ മുന്‍ മോഡലില്‍ നിന്ന് മെച്ചപ്പെട്ട ഒന്ന് അതിലും വില കുറച്ച് വിപണിയിലെത്തിച്ചതും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടും ഹോണ്ട അമേസും ആകര്‍ഷകമായ വിലയില്‍ വിപണിയിലെത്തിയതുമെല്ലാം ഇതിന്റെ ഭാഗമായാണ്. എഫ്.എം.സി.ജി മേഖലയില്‍ സോപ്പ്, ഷാംപൂ, സോപ്പ് പൊടി എന്നിവയെല്ലാം ഡിസ്‌കൗണ്ടുകളോടെ നിറയുന്നതും ഈ വിപണന തന്ത്രത്തിന്റെ ഭാഗമായാണ്.

ഇന്നൊവേഷന്‍ നടത്തിക്കൊണ്ടേയിരിക്കുക
വിപണിയില്‍ മുന്നേറാന്‍ വില നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രദ്ധിക്കുമ്പോള്‍ തന്നെ പ്രതിയോഗികളില്‍ നിന്ന് വ്യത്യസ്തരായി നില്‍ക്കാന്‍ സവിശേഷമായ ഉല്‍പ്പന്നങ്ങള്‍ പരീക്ഷണ ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ വിപണിയിലെത്തിക്കാനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. 2013ല്‍ പ്രമുഖ എഫ്.എം.സി.ജി കമ്പനികള്‍ പുതിയ ഉല്‍പ്പന്ന ശ്രേണിയിലും നവീന ഉല്‍പ്പന്നങ്ങളിലും സവിശേഷ ശ്രദ്ധയാണ് പതിപ്പിച്ചിരിക്കുന്നത്. പുതിയൊരു കാറ്റഗറി തുറന്നുകൊണ്ടാണ് കോള്‍ഗേറ്റിന്റെ വൈറ്റനിംഗ് ടൂത്ത്‌പേസ്റ്റ് വിപണിയിലെത്തിയത്. വിപണിയിലെ ഇതര ഉല്‍പ്പന്നങ്ങളേക്കാള്‍ വില കൂടുതലാണിതിന്. പി ആന്‍ഡ് ജി ഓറല്‍ ബി എന്ന ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡ് വിപണിയിലെത്തിച്ചതും ഒരു മാസക്കാലത്തിനിടെയാണ്. സഫോള മസാല ഓട്‌സ്, ഐ.റ്റി.സിയുടെ ഇന്‍സ്റ്റന്റ് ചൈനീസ് ന്യൂഡില്‍സ്, പാര്‍ക്ക് അവന്യുവിന്റെ ബീര്‍ ഷാംപൂ, ഡാബറിന്റെ ഓഡോനില്‍ ജെല്‍ തുടങ്ങിയ നൂതന ഉല്‍പ്പന്നങ്ങള്‍ ഈ വിപണി സാഹചര്യങ്ങള്‍ക്കിടെ തന്നെയാണ് പുറത്തിറങ്ങിയത്. പൊതുവായുള്ള ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക വിഭാഗത്തിലേക്ക് ശ്രദ്ധയൂന്നുന്നത് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ സഹായിക്കുന്ന തന്ത്രം തന്നെയാണ്.

ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കാണുക
കമ്പനികള്‍ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഒരേ സമയം മാര്‍ക്കറ്റുചെയ്യുന്നതിനോട് ബജാജ് ഓട്ടോയുടെ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജിനെ പോലുള്ളവര്‍ വിയോജിക്കുകയാണ്. 'ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ വിപുലമാകുന്നത് കമ്പനി ലക്ഷ്യമിടുന്ന വിപണി വിശാലതയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത,'' രാജീവ് ബജാജ് നിരീക്ഷിക്കുന്നു. 'കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന്റെ ഭാഗമായി ഭൂരിഭാഗം കമ്പനികളും കൂടുതല്‍ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കാറുണ്ട്. ദയനീയമായൊരു പരിസമാപ്തിയിലേക്ക് വഴിതെറ്റാവുന്ന സാഹസികയാത്രയുടെ തുടക്കം മാത്രമാണീ നീക്കം,'' ആഭ്യന്തര വിപണിയില്‍ ബജാജ് രണ്ട് ബ്രാന്‍ഡുകള്‍ മാത്രമാണ് എല്ലാ ശ്രദ്ധയും നല്‍കി വിറ്റഴിക്കുന്നത്. പള്‍സറും ഡിസ്‌കവറും. ഇന്നത്തെ വിപണി സാഹചര്യത്തില്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്ന മൂല്യത്തിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്ന് കഫേ കോഫി ഡേയുടെ പ്രസിഡന്റ് - മാര്‍ക്കറ്റിംഗ് കെ. രാമകൃഷ്ണന്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് ബിസിനസുകാര്‍ ലോകത്തെ കുറിച്ച് ചിന്തിക്കാതെ സ്വന്തം ബ്രാന്‍ഡിനെ കുറിച്ച് മാത്രം ആലോചിക്കൂവെന്ന് രാജീവ് ബജാജും പറയുന്നത്. ''ഒട്ടനവധി പ്രതിയോഗികളും അതിനനുസരിച്ച് യഥേഷ്ടം ഉപഭോക്താക്കളും ഇല്ലാതിരിക്കുന്നതുമായ സാഹചര്യത്തില്‍ മാര്‍ക്കറ്റിംഗ് ഗുരു ജാക്ക് ട്രോട്ടിന്റെ ഉപദേശം സ്വീകരിക്കുന്നതാകും ഉചിതം. 'വ്യത്യസ്തരാകുക അല്ലെങ്കില്‍ മരിക്കുക'. ഉല്‍പ്പന്നങ്ങളുടെ നിര്‍മാതാക്കളും വിപണനക്കാരും എന്ന നിലയില്‍ നിന്ന് പുതിയൊരു ഉല്‍പ്പന്നശ്രേണിയുടെ സൃഷ്ടാക്കളും ബ്രാന്‍ഡുകളുടെ വിപണനക്കാരുമാകാം,'' രാജീവ് ബജാജ് പറയുന്നു.

മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് സുമന്‍ ശ്രീവാസ്തവ നിരീക്ഷിക്കുന്നതുപോലെ ഇന്നും ഉപയോഗിക്കുന്ന മാര്‍ക്കറ്റിംഗ് ടൂളുകള്‍ 1960കളില്‍ എഫ്.എം.സി.ജി മേഖലക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ്. കാലഹരണപ്പെട്ട ഈ തന്ത്രങ്ങള്‍ക്ക് പകരം നവയുഗ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കുന്നവരും പ്രായോഗികമാക്കുന്നവരും മാത്രമേ ഇന്ന് വിപണിയില്‍ നേട്ടം കൊയ്യൂ. പുതുതലമുറ തന്ത്രങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വിപണിയില്‍ കമ്പനികള്‍ പ്രയോഗിച്ച് വിജയിച്ച ഈ രീതികള്‍ സഹായകമാകും.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger