Movie :

kerala home tv show and news

Home » , » എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് ആര്‍ക്കും അറിയില്ല: ഭാവന

എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് ആര്‍ക്കും അറിയില്ല: ഭാവന

{[['']]}
BhavanaKerala tv show and news



എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് ആര്‍ക്കും അറിയില്ല: ഭാവന 
ഭാവന സിനിമയിലെത്തിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. മലയാളത്തില്‍നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ഭാവന ഇപ്പോള്‍ കന്നഡ സിനിമയിലെ വിലപിടിപ്പുള്ള നായികയാണ്. പത്തുവര്‍ഷം മുമ്പ് തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ ചേരിയുടെ സെറ്റിട്ടാണ് 'നമ്മള്‍' ചിത്രീകരിച്ചത്. നമ്മളിന്റെ സെറ്റിലേക്ക് ഞാന്‍ കടന്നുചെന്നപ്പോള്‍ സംവിധായകന്‍ കമല്‍ പറഞ്ഞത് ഭാവനയെന്ന മിടുക്കിയായ പെണ്‍കുട്ടിയെ പരിചയപ്പെടുത്തുന്നുണ്ടെന്നും ആ കുട്ടിയെക്കുറിച്ച് സിനിമാമംഗളത്തില്‍ നല്ലൊരു റൈറ്റപ്പ് നല്‍കണമെന്നുമായിരുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'നമ്മളി'ലൂടെ സിനിമയിലെത്തിയ ഭാവന മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും തന്റേതായ സാന്നിധ്യം തെളിയിക്കുകയായിരുന്നു. ഭാവന എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'പോളിടെക്‌നിക്' എന്ന ചിത്രത്തിലെ നായികയാണ്.
പാലക്കാടിന്റെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട് ടൗണില്‍ ചിത്രീകരണം നടന്ന പോളിടെക്‌നിക്കിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ ഭാവന പോലീസ് യൂണിഫോമില്‍ ക്യാമറയ്ക്കു മുന്നിലായിരുന്നു.
ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഭാവനയെ കണ്ടത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ഭാവന സംസാരിക്കുകയാണ്. ഭാവനയുടെ വാക്കുകളിലൂടെ നമുക്ക് സഞ്ചരിക്കാം....
? പോളിടെക്‌നിക്കിലെ കഥാപാത്രം....
ഠ പോലീസ് സബ് ഇന്‍സ്‌പെക്ടറായാണ് അഭിനയിക്കുന്നത്. അശ്വതിയെന്നാണ് കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്റെ കാമുകിയാണ്. ഞാന്‍ സിനിമയില്‍ ആദ്യമായാണ് പോലീസ് വേഷത്തില്‍ അഭിനയിക്കുന്നത്.
? മലയാളത്തെക്കാള്‍ മറ്റ് ഭാഷാചിത്രങ്ങളിലാണല്ലോ ഭാവന ശ്രദ്ധിക്കുന്നത്.
ഠ മറ്റ് ഭാഷകളില്‍ അഭിനയസാധ്യതയുള്ള നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമൊക്കെ ധാരാളം സിനിമകളില്‍ അഭിനയിച്ചു. ഞാനിപ്പോള്‍ കന്നഡത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. കന്നഡത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്.
? കന്നഡത്തിലെ ശ്രദ്ധേയമായ ചിത്രങ്ങള്‍
ഠ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഞാന്‍ അഭിനയിച്ചുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ കന്നഡ മലയാളസിനിമയുടേതിന് സമംതന്നെയാണ്. കന്നഡത്തില്‍ ജാക്കി, റോമിയോ, ടിപ്പിവാല, യാരോ കഹന്തു, മച്ചന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു.
? മലയാളത്തില്‍നിന്നും പൂര്‍ണ്ണമായും ഒഴിവാകുകയാണോ.
ഠ ഒരിക്കലുമില്ല. നല്ല കഥകള്‍ വരുമ്പോള്‍ ഞാന്‍ അഭിനയിക്കും. മലയാളത്തില്‍ നിന്നും ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്. സ്‌റ്റോറി കേട്ടതിനു ശേഷമാണ് ഞാന്‍ ഡേറ്റ് നല്‍കാറുള്ളത്. വാരിവലിച്ച് പടങ്ങള്‍ ചെയ്യാനൊന്നും എനിക്ക് താല്പര്യമില്ല.
? അന്യഭാഷാ ചിത്രങ്ങളിലെത്തുമ്പോള്‍ കഥയില്‍നിന്നും വ്യതിചലിച്ച് ഗ്ലാമര്‍ വസ്ത്രങ്ങളണിയാന്‍ ഭാവനയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ടോ.
ഠ ഒരിക്കലുമില്ല. പ്രധാനമായും നമ്മുടെ നിലപാടിന് അനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഗ്ലാമര്‍ റോളുകളിലേക്ക് ക്ഷണമുണ്ടായിട്ടുണ്ടെങ്കിലും അത്തരം സിനിമകള്‍ ഞാന്‍ വേണ്ടെന്നുവച്ചിട്ടുണ്ട്.
? പ്രേക്ഷകരുടെ പ്രതികരണം...
ഠ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സംസ്‌കാരം ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ സംസ്‌കാരത്തിനനുസരിച്ചാണ് താരങ്ങളോടുള്ള ആരാധനയും ഉണ്ടാവുന്നത്. നയന്‍താര ഉള്‍പ്പെടെ മലയാളത്തില്‍നിന്ന് മറ്റു ഭാഷകളിലേക്ക് പോയിട്ടുള്ള നായികമാരെ അവിടെയുള്ള പ്രേക്ഷകര്‍ക്ക് എന്തെന്നില്ലാത്ത ഇഷ്ടമാണ്. മലയാളത്തില്‍ മോഹന്‍ലാലിനെ കാണുമ്പോള്‍ ലാലേട്ടാ എന്നാണ് വിളിക്കുന്നത്. ഇത് നമ്മുടെ കുടുംബത്തിലെ ഒരാളായി കാണാന്‍ പ്രേരിപ്പിക്കുന്നു. മറ്റു ഭാഷകളില്‍ സാര്‍, മാഡം എന്നൊക്കെയാണ് വിളിക്കാറുള്ളത്. സിനിമ പുറത്തിറങ്ങിയാലുള്ള സമീപനവും പ്രേക്ഷകരുടെ പ്രതികരണവും ഒരനുഭവമാണ്.
? മറ്റു ഭാഷകളില്‍ സജീവമാകുമ്പോള്‍ ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ.
ഠ ഞാന്‍ ഭക്ഷണം വാരിവലിച്ച് തിന്നാറില്ല. ശരീരസൗന്ദര്യം നിലനിര്‍ത്താന്‍ ഡയറ്റിംഗ് രീതിയോടൊന്നും എനിക്ക് താല്പര്യമില്ല. എന്റെ മുഖം വളരെ ചെറുതായതുകൊണ്ട് ശരീരം തടിവച്ചാല്‍ കാണാന്‍ ഭംഗിയുണ്ടാവില്ല. ജിമ്മില്‍ പോകാറുണ്ട്. യോഗയും ചെയ്യാറുണ്ട്.? കല്യാണം കഴിയാത്തതുകൊണ്ട് ഭാവന പലപ്പോഴും ഗോസിപ്പുകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ടല്ലോ...
ഠ എന്നെക്കുറിച്ച് ഗോസിപ്പുകള്‍ വരുമ്പോള്‍ ആദ്യമൊക്കെ ടെന്‍ഷന്‍ തോന്നിയിരുന്നു. ഇപ്പോള്‍ ഗോസിപ്പുകള്‍ വായിക്കുമ്പോള്‍ ചിരിയാണ് വരുന്നത്. നമ്മള്‍പോലും അറിയാത്ത ആളുകളുമായി പ്രണയത്തിലാണെന്ന് പോലും എഴുതാറുണ്ട്. പ്രേമം മാത്രമല്ല കല്യാണം കഴിക്കാന്‍ പോവുകയാണെന്നുവരെ പ്രചരിപ്പിക്കാറുണ്ട്. ഒരിക്കല്‍ തെലുങ്കിലെ യുവനായകനായ നിഥിനുമായി ഞാന്‍ പ്രണയത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും നെറ്റില്‍ വ്യാപകമായി പ്രചരണമുണ്ടായി. പക്ഷേ നിഥിനെന്ന വ്യക്തിയെ ഞാന്‍ നേരില്‍ കണ്ടിട്ടേയില്ലായിരുന്നു. നെറ്റില്‍ ഞാന്‍ നോക്കിയപ്പോള്‍ എന്റെ പ്രണയവാര്‍ത്ത ഞാനും വായിച്ചു. ഇതെല്ലാം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോള്‍ ഒരു സിനിമയുടെ സെറ്റിലാണ് ഞാന്‍ നിഥിനെ ആദ്യമായി കാണുന്നത്.
ഒരുദിവസം ഞാന്‍ എറണാകുളത്ത് കാറില്‍ പോകുമ്പോള്‍ ഭാവന വിവാഹിതയാകുന്നു. കല്യാണം ഗുരുവായൂരി വച്ചാണ്. വരനാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നൊക്കെ എഫ്.എം. റേഡിയോയിലൂടെ ഞാന്‍ തന്നെ കേള്‍ക്കുകയായിരുന്നു. ഞാനറിയാത്ത എന്റെ വിവാഹവാര്‍ത്ത എഫ്.എം. റേഡിയോയിലൂടെ കേള്‍ക്കേണ്ടി വന്നപ്പോഴാണ് ഗോസിപ്പുകളുടെ യഥാര്‍ത്ഥ വസ്തുത ഞാന്‍ മനസിലാക്കിയത്.
? അങ്ങനെ എല്ലാം വ്യാജമാവുമോ. രാജീവ്പിള്ളയുമായി ഭാവന കടുത്ത പ്രണയത്തിലായിരുന്നില്ലേ.
ഠ ഒരിക്കലുമില്ല. ഞാനും ഗോസിപ്പുകളിലൂടെയാണ് രാജീവ്പിള്ളയുമായുള്ള പ്രണയവാര്‍ത്ത അറിയുന്നത്. ഞാന്‍ ആരുമായും പ്രണയത്തിലായിരുന്നില്ല.
? ഇപ്പോള്‍ ഭാവനയുടെ കാമുകന്‍ ആരാണ്.
ഠ ഗോസിപ്പുകളിലൂടെ ഒരുപാട് കാമുകന്മാര്‍ കടന്നുപോയല്ലോ. പക്ഷേ ഒരു കാര്യം സത്യമാണ്. ആര്‍ക്കും എന്റെ യഥാര്‍ത്ഥ കാമുകനെക്കുറിച്ച് കണ്ടെത്താനോ, എഴുതാനോ കഴിഞ്ഞിട്ടില്ല. എല്ലാം വെറും ഗോസിപ്പുകളായി അവസാനിക്കുകയാണ്.
? ഭാവനയുടെ യഥാര്‍ത്ഥ കാമുകനാരാണെന്ന് സിനിമാ മംഗളത്തിലൂടെ വെളിപ്പെടുത്താമോ.
ഠ എന്തിനാ ചേട്ടാ എന്നെ വെറുതെ കുടുക്കാന്‍ നോക്കുന്നത്. അതൊന്നും ഞാന്‍ പറയില്ല. ഒന്നാമത്തെ കാര്യം ഓരോ പ്രോജക്ടുകള്‍ വരുമ്പോള്‍ അതിനാണ് പ്രാധാന്യം നല്‍കാറുള്ളത്. പ്രണയിച്ച് നടക്കാനൊന്നും സമയമില്ല.
? ഭാവന കല്യാണം കഴിക്കുന്നത് സിനിമയ്ക്കകത്ത് തന്നെയുള്ള ആളെയായിരിക്കുമോ.
ഠ കല്യാണമെന്നത് കുട്ടിക്കളിയല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. എന്നെ മനസിലാക്കുന്നയാളെയാണ് എനിക്കിഷ്ടം. സിനിമയില്‍ ഉള്ളവര്‍ക്കാണ് എന്നെ മനസിലാക്കാന്‍ കഴിയുക. അതല്ലാതെ സിനിമയ്ക്ക് പുറത്തുള്ളയാള്‍ക്ക് സിനിമാതാരങ്ങളുടെ ജീവിതമെന്തെന്ന് ഒരുപക്ഷേ അറിയില്ലായിരിക്കാം. അതുകൊണ്ടുതന്നെ സിനിമയിലെ ആളല്ലെങ്കില്‍ ഒരുതരം അഡ്ജസ്റ്റ്‌മെന്റ് ജീവിതമായിരിക്കാം സംഭവിക്കുന്നത്. മാത്രമല്ല സിനിമയില്‍ നടിമാര്‍ മോശമാണെന്ന ധാരണയാണ് സിനിമയ്ക്കു പുറത്തുള്ള പലര്‍ക്കുമുള്ളത്. അതുകൊണ്ട് സിനിമയ്ക്കകത്തുതന്നെയുള്ള ആളെയായിരിക്കും ഞാന്‍ കല്യാണം കഴിക്കുക.
? ഭര്‍ത്താവിനെക്കുറിച്ചുള്ള ഭാവനയുടെ സൗന്ദര്യസങ്കല്പം.
ഠ എന്നെ പൂര്‍ണമായും മനസിലാക്കാന്‍ പറ്റുന്ന ആളായിരിക്കണം. സൗന്ദര്യമൊന്നും പ്രശ്‌നമല്ല. നല്ല മനസുണ്ടായാല്‍ മതി. വെളുത്ത നിറമുള്ള ആളെയൊന്നും എനിക്കിഷ്ടമില്ല. മാത്രമല്ല 365 ദിവസവും സൗന്ദര്യം നോക്കിയിരിക്കാനൊന്നും പറ്റില്ലല്ലോ.
? സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഭാവന സജീവമാണല്ലോ.
ഠ അതെ, കഴിഞ്ഞ ഓഗസ്റ്റിലാണ് ഫെയ്‌സ് ബുക്കില്‍ ഒരു ഒഫീഷ്യല്‍ പേജ് ഞാന്‍ ഓപ്പണ്‍ ചെയ്തത്. എന്റെ പുതിയ ചിത്രങ്ങള്‍ ഏതൊക്കെയാണ്. ഞാന്‍ എവിടെയാണ്. ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കാറുണ്ട്. മാത്രമല്ല എന്റെ പുതിയ ചിത്രങ്ങളിലെ ഫോട്ടോകളെല്ലാം ഞാന്‍ തന്നെയാണ് പോസ്റ്റ് ചെയ്യാറുള്ളത്. പതിനാറു ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്യാറുള്ളത്. ശരിക്കും പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അത്ഭുതമുണ്ടാക്കുന്ന കാര്യമാണിത്. ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുകയല്ലെ.
? മറ്റ് ഭാഷാചിത്രങ്ങളിലൊക്കെ ഫാന്‍സ് അസോസിയേഷനുകള്‍ നായികനടിമാര്‍ക്കും ഉണ്ടല്ലോ. ഭാവനയുടെ പേരിലും ഫാന്‍സ് അസോസിയേഷനുണ്ടോ...

ഠ തെലുങ്കിലും തമിഴിലും കന്നഡത്തിലുമൊക്കെ ധാരാളം പേരുണ്ട്. 'മേരിക്കുണ്ടൊരു കുഞ്ഞാട്' കഴിഞ്ഞപ്പോള്‍ ചിലര്‍ വന്ന് മലയാളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്നു പറഞ്ഞു. എന്റെ മാത്രം മൂവി ഇറങ്ങുമ്പോഴല്ലെ അങ്ങനെയൊക്കെ ചെയ്യേണ്ടതുള്ളൂ. ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ഞാന്‍ ആളുകളുടെ സ്‌നേഹം അനുഭവിച്ചറിയുന്നത്.


? സിനിമയില്ലാത്ത ഇടവേളകളില്‍ എന്താണ് ചെയ്യാറുള്ളത്.
ഠ നേരത്തെ സിനിമ കാണുമായിരുന്നു. ഇപ്പോള്‍ വായനയിലൂടെയാണ് ഞാന്‍ ആഹ്‌ളാദം കണ്ടെത്തുന്നത്. ഫിക്ഷനും നോണ്‍ ഫിക്ഷനുമൊക്കെ വായിക്കാറുണ്ട്. വായനയിലൂടെയാണ് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നത്.
? സമീപകാലത്ത് വായിച്ച ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍...
ഠ ദാവൂദ് ഇബ്രാഹിമിന്റെ 'ദോഗ്രി ടു ദുബായ്' വളരെ നല്ല പുസ്തകമാണ്. പ്രിന്‍സസ് ഓഫ് സൗദി അറേബ്യ എന്ന പുസ്തകം വായിച്ചപ്പോള്‍ വല്ലാത്ത കൗതുകം തോന്നി. അവിടത്തെ പ്രിന്‍സസ് അനുഭവിച്ചറിഞ്ഞ പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും തുറന്നെഴുത്താണ്. മലയാളത്തില്‍ ബഷീറിന്റെ കഥകള്‍, പെരുമ്പടവത്തിന്റെ ഒരു സങ്കീര്‍ത്തനം പോലെ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചു.
? ഭാവനയുടെ മനസിലുള്ള കഥാപാത്രം..
.
ഠ ഒരു സിനിമയിലെങ്കിലും ആണ്‍കുട്ടിയായി അഭിനയിക്കണമെന്നുണ്ട്.
? ഭാവനയുടെ പുതിയ ചിത്രങ്ങള്‍...
ഠ ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥ പറയുന്ന ആംഗ്രി ബേബി, കൂതറ, ഹണിബീ രണ്ടാംഭാഗം ഇതാണ് മലയാളത്തിലെ ചിത്രങ്ങള്‍. കന്നഡത്തില്‍ ശിവരാജ് കുമാര്‍, ദിഗന്ത് എന്നിവര്‍ നായകന്മാരായ ചിത്രങ്ങളില്‍ അഭിനയിക്കുന്നു.

 

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger