Movie :

kerala home tv show and news

Home » » ന്യൂ ജനറേഷന്‍ വിപ്ലവം

ന്യൂ ജനറേഷന്‍ വിപ്ലവം

{[['']]}

ന്യൂ ജനറേഷന്‍ വിപ്ലവം

 ന്യൂ ജനറേഷന്‍ വിപ്ലവം

View Comments
mangalam malayalam online newspaper
ന്യൂജനറേഷന്‍ എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന ഒരു പരിഹാസച്ചുവ മാധ്യമങ്ങള്‍ പലപ്പോഴും എടുത്തുകാണിക്കുമ്പോള്‍ എന്തോ ഒരു സങ്കടം തോന്നും. കാലങ്ങളായി ഇവിടെ ഉണ്ടായിരുന്നതാണെങ്കിലും ന്യൂ ജനറേഷനില്‍പ്പെട്ടതാണ് ആ വാക്ക് എന്നതാവാം കാരണം. ന്യൂ ജനറേഷന്‍ എന്ന പദം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സിനിമാ ഫീല്‍ഡിലാണ്, പുതിയ ട്രെന്‍ഡുകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തനായി ഒരു സഹൃദയന്റെ ബോധത്തില്‍നിന്ന് ഉതിര്‍ന്ന ഇടിവെട്ട് പ്രയോഗം. ട്രാഫിക് എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് വാതില്‍ തുറന്നുവന്നെന്നു വിശ്വസിക്കുന്ന ന്യൂ ജനറേഷന്‍ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ ഒരു സിനിമാ സംസ്‌കാരമാണോ?
മലയാളിയുടെ കപടസദാചാര ബോധങ്ങളിലേയ്ക്ക് കണ്ണുതുറന്നിരിക്കുന്ന ഓരോ സിനിമാരചയിതാവിനും പറയാനുണ്ടാവുക, അത്തരം കഥകള്‍ തന്നെയാകും. അതില്‍ അശ്ലീലമുണ്ടാകാം, അസാധാരണ പ്രണയങ്ങളുണ്ടാകാം, തെറിവിളികളുണ്ടാകം, മനുഷ്യനെ ചുറ്റിപറ്റിയുള്ള എന്തുമുണ്ടാകാം. അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കലയാണെങ്കിലും സാഹിത്യമാണെങ്കിലും കാലഘട്ടത്തിന്റെ കയ്യൊപ്പ് അതില്‍ പതിഞ്ഞിരിക്കും.
സാഹിത്യക്ലാസ്സില്‍വച്ച് വിവര്‍ത്തന ഭാഷയുടെ അതിരുകളേയും അരികുകളുടെ മൂര്‍ച്ചയേയും കുറിച്ച് പഠിപ്പിക്കുമ്പോളാണ്, ഒ വി വിജയന്റെ 'ധര്‍മ്മപുരാണം' ഇടയില്‍വന്നുപെട്ടത്.
ആ ദേവസ്പര്‍ശത്തിന്റെ അറിവ് നല്‍കിയ ആനന്ദത്തില്‍ സസ്യവും മൃഗവും കാത്തിരുന്നെങ്കിലും ധര്‍മ്മപുരിയുടെ ഭരണാധികാരിയായ പ്രജാപതിയെ നക്ഷത്രങ്ങളുടെ ഈ സൂചന അസ്വസ്ഥനാക്കി.ഭയം അയാളുടെ കുടലുകളെ ഞെരിച്ചതോടെ 'പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി'. (ധര്‍മ്മപുരാണം)
പൊതുവേ പറച്ചിലിലും കേള്‍വിയിലും അസ്വസ്ഥത ഉളവാക്കുന്ന ചില പദപ്രയോഗങ്ങള്‍ എത്ര കഷ്ടപ്പെട്ടാലും വിവര്‍ത്തനത്തില്‍ അനുരൂപമായ വാക്കിന്, ബുദ്ധിമുട്ടും. ഒ. വി വിജയനെക്കുറിച്ച് സാഹിത്യത്തില്‍ രണ്ടു വാക്കില്ല, പക്ഷേ ധര്‍മ്മപുരാണം എന്ന ന്യൂജനറേഷന്‍ നോവലിനെ വായനക്കാര്‍ എങ്ങനെയാണു കണ്ടത്? കല കലയും സാഹിത്യം സാഹിത്യവുമായി മാത്രമായിരുന്നാല്‍ എങ്ങനെ ഇതിനെ ജീവിതവുമായി ബന്ധിപ്പിക്കും. ദൈനംദിനജീവിതത്തിന്റെ പരിചിത ഗന്ധങ്ങളില്ലാതെ ഇവിടെ ഒരിക്കലും നല്ല സാഹിത്യവും സിനിമയും ഉണ്ടായിട്ടില്ല.
കക്കൂസ് ഫലിതങ്ങളും നിലവിട്ട ലൈംഗികതയും ഇന്നത്തെ സിനിമകളുടെ ട്രെന്‍ഡ് ആയി മാറുന്നു, അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകന്റെ മനസ്സറിഞ്ഞ് അത്തരം സിനിമകളൊരുക്കുന്നവരെ എന്തിന് അപഹസിക്കണം? ലൈംഗികമായ അരാജകത്വം അതിന്റെ എല്ലാ തീവ്രതകളോടെയും ഇവിടെ എന്നുമുണ്ടായിരുന്നു, പക്ഷേ കാലം മാറിയതനുസരിച്ച് അവയ്ക്ക് ചില വേഷപ്പകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഐ ഫോണും യൂട്യൂബും ഹിറ്റാകുന്നത് പോണ്‍ വീഡിയോയുമുള്ളതുകൊണ്ടുതന്നെയാണ്. അടുത്ത കൂട്ടുകാരിയുടെ അല്ലെങ്കില്‍ സ്വന്തം അമ്മയുടെവരെ ക്ലിപ്പിങ്ങ്‌സ് കാണാനുള്ള മാനസിക നിലവാരം 'ആര്‍ജ്ജിച്ചെടുത്ത' നമ്മുടെ സദാചാരവിദ്വാന്‍മാര്‍തന്നെ ഇതൊക്കെ കാട്ടുന്ന സിനിമകളെ പരിഹസിക്കുന്നതു കാണുമ്പോള്‍ എന്താ തോന്നുക!!!
കാലഘട്ടത്തിന്റെ വക്താക്കളാണ്, ഓരോ സിനിമകളും, ഓരോ സംവിധായകരും, ഒരോ എഴുത്തുകാരും. അങ്ങനെ അല്ലാതാകാന്‍ അവര്‍ക്ക് കഴിയില്ല, കാരണം തങ്ങളുടെ സര്‍ഗ്ഗസൃഷ്ടി മറ്റുള്ളവരാല്‍ വായിക്കപ്പെടണമെന്നും അഭിപ്രായം സ്വരൂപിക്കണമെന്നും ഉള്ള തീവ്രമായ അഭിലാഷം ഇവര്‍ക്കോരോരുത്തര്‍ക്കുമുണ്ട്. ഇത് എന്നത്തേയും മനശാസ്ത്രമാണ്. ജീവിതത്തിലെ അസാമാന്യമായ ഒരു സംഭവത്തെ ധീരമായി പറഞ്ഞുവച്ചരിക്കുന്നത് കാണാം 'പി പദ്മരാജന്റെ 'നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകള്‍ ' എന്ന സിനിമയില്‍ .
നായികമാര്‍ റേപ്പ് ചെയ്യപ്പെടുക എന്നത് മലയാള സിനിമയില്‍ സാധാരണ നടപ്പുള്ള കാര്യമല്ല, ഒരുപക്ഷേ പെട്ടുപോയാലും വില്ലനെ ഇടിച്ചിട്ട് പ്രിയ നായികയെ രക്ഷപ്പെടുത്താന്‍ വീരനായകനുണ്ടാകും. പദ്മരാജന്റെ നായകന്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും അവളെ ജീവിക്കാന്‍ ഒപ്പംകൊണ്ടു പോകുന്നു. സോളമന്‍ എന്ന ഈ കഥാപാത്രം ഒരു ന്യൂജനറേഷന്‍ കഥാപാത്രമായിരുന്നില്ലേ? അസാമാന്യമായ ഈ പൊളിച്ചെഴുത്തിലൂടെ അന്നത്തെ സദാചാരവാദികളുടെ മനസ്സിലും പദ്മരാജന്‍ നിറച്ചു വച്ചത് ഈ ന്യൂജനറേഷന്‍ വിപ്ലവമല്ലേ?
'എന്റെ കഥ'യിലൂടെ ഒരു പെണ്ണിന്റെ മോഹങ്ങളും പ്രണയവും കാമനകളും മാധവിക്കുട്ടി തുറന്നെഴുതിയപ്പോഴും അതൊരു ന്യൂജനറേഷന്‍ വര്‍ക്കായിരുന്നു. രസകരമായൊരു കാര്യം ഓര്‍മ്മ വരുന്നു, ഒരിക്കലൊരു കഥയെഴുതി പ്രസിദ്ധീകരണത്തിനായി അയച്ചു കൊടുത്തത്, പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞശേഷം പത്രാധിപരുടെ അഭിപ്രായം ഇങ്ങനെ,
'പ്രണയമൊക്കെ കാലഹരണപ്പെട്ടു, കുറച്ച് ലൈംഗികതയും, അരാജകത്വവുമൊക്കെ ഉള്‍ക്കൊള്ളിച്ച് ഒരു കഥയെഴുതൂ, ഇതിലും ക്ലിക്കാകും', അതു സത്യമായിരിക്കാം, വായനക്കാരുടെ രുചിഭേദങ്ങള്‍ പത്രാധിപര്‍ക്ക് അറിയാതെ വരില്ലല്ലോ.
മലയാള സിനിമയില്‍ ന്യൂ ജനറേഷന്‍ കാലമെന്നു വിളിക്കപ്പെടുന്ന ഒരന്തരീക്ഷം ഉണ്ടായതില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണ്. അദ്ദേഹത്തിന്റെ 'കൃഷ്ണനും രാധയ്ക്കും' ശേഷം മലയാള സിനിമയുടെ തലവര തന്നെയാണു മാറിയത്. പിന്നാലെയെത്തിയ 22 ഫീമെയില്‍ കോട്ടയവും, ചാപ്പാക്കുരിശും മാറ്റത്തിന്റെ മണിമുഴക്കി. ലിപ് ലോക്ക് കിസ്സിങ്ങ് സീനുകള്‍ ഇവിടെ ആര്‍ക്കും ഒരു വിഷയമല്ലാതായി, അല്ലെങ്കിലും ഒരു ക്ലിക്കകലെ അത്തരം നിരവധി സീനുകള്‍ ഉള്ള ഈ കാലത്ത് ഒരു ചുംബനസീന്‍ വിവാദമാകേണ്ട കാര്യമില്ല. പ്രേക്ഷകനെ പാടേ ഇളക്കി മറിച്ച റിയാലിറ്റി ഷോ 'മലയാളി ഹൌസ്' അവസാനിച്ചിട്ടും ഇപ്പോഴും
ആ ഷോ ഉയര്‍ത്തിയ തരംഗം അവസാനിച്ചിട്ടില്ല. സ്വന്തം മുഖം കണ്ണാടിയില്‍ കണ്ടാലും നമ്മള്‍ മലയാളികള്‍ക്ക് അതംഗീകരിക്കാന്‍ പ്രയാസമാണ്. നല്ലൊരു ശതമാനം ഇതൊക്കെ കണ്ട് ആസ്വദിക്കുമ്പോള്‍, കണ്ണുരുട്ടി ഇറങ്ങുന്ന സദാചാര പോലീസിനെ വെറുതേ വിട്ടേക്കുക. ലോകം മാറിയതനുസരിച്ച് മാറാനാവാത്ത ചില ജീവിതങ്ങളെന്ന പരിഗണന അവര്‍ക്കു നല്‍കാം.
ന്യൂജനറേഷന്‍ ഇവിടെ എന്നുമുണ്ടാകും. മാറുന്ന കാലത്തിന്റെ മനസ്സിനെ കയ്യിലെടുത്തു പിടിച്ച് എഴുത്തുകളും സിനിമകളും ഇനിയും പിറക്കട്ടെ. അത് കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. എന്തായാലും 'ന്യൂജനറേഷന്‍' എന്ന ഇടിവെട്ടു പേര്, ഇരിക്കട്ടെ, ഒന്നുമല്ലെങ്കിലും അതിന്റെ എങ്കിലും പേറ്റെന്റ്, നമ്മള്‍ക്കല്ലേ

Share this article :

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger