{[['']]}
ന്യൂജനറേഷന്‍ ഗര്‍ഭിണികള്‍
വിവാഹബന്ധത്തിനു പുറത്തുള്ള എല്ലാ ഗര്‍ഭങ്ങളും നമ്മുടെ സമൂഹത്തില്‍ എന്നെന്നും ചോദ്യങ്ങളാണ്. ഗര്‍ഭിണിയാകാനും പ്രസവിക്കാനുമുള്ള ശേഷി സ്ത്രീക്കു മാത്രമുള്ളതാണെങ്കിലും ഏതൊക്കെ രീതിയിലുള്ള ഗര്‍ഭങ്ങളാണ് സ്വീകാര്യം എന്നു തീരുമാനിക്കുന്നത് സ്ത്രീകള്‍ക്ക് അത്രയൊന്നും നിര്‍ണയശേഷിയില്ലാത്ത സമൂഹമാണ്. അത്തരമൊരു സമൂഹത്തില്‍ വിവാഹബന്ധത്തിനു ബാഹ്യമായുണ്ടാകുന്ന നാലു ഗര്‍ഭങ്ങള്‍ (ഒന്നു വ്യാജമാണ്) ഒരു ഗൈനക്കോളജി ക്ലിനിക്കിന്റെ പശ്ചാത്തലത്തില്‍ പറയുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' അവതരണരീതികൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധേയം. പരസ്പരബന്ധമില്ലാത്ത നാലുകഥകളെ കോര്‍ത്തിണക്കി മള്‍ട്ടിലീനിയര്‍ ആഖ്യാനം നിര്‍വഹിക്കുന്ന 'സഖറിയയുടെ ഗര്‍ഭിണികള്‍' ഹൃദ്യവും, തീവ്രവുമായ പല രംഗങ്ങള്‍ കൊണ്ടു സമീപകാലത്തിറങ്ങിയ പല ന്യൂജനറേഷന്‍/ഓള്‍ഡ് ജനറേഷന്‍ വിവരക്കേടുകളെ അപേക്ഷിച്ച് വേറിട്ടുനില്‍ക്കുന്ന സിനിമാഅനുഭവം തന്നെയാണ്. എങ്കിലും മികച്ച ഒരു സിനിമ എന്ന തലത്തിലേക്ക് സഖറിയയ്‌ക്കോ ഗര്‍ഭിണികള്‍ക്കോ ഉയരാന്‍ കഴിയുന്നില്ല.സംഭാഷണങ്ങളിലെ അസാധാരണമായ കൃത്രിമത്വം (ചെറുകഥകളിലോ ബുദ്ധീജിവി സംവാദങ്ങളിലോ ആയിരുന്നെങ്കില്‍ സഹിക്കാമായിരുന്ന വാചകമടി) പലപ്പോഴും സിനിമയെ അതിനാടകീയവും ചിലപ്പോഴെങ്കിലും അരോചകവുമാക്കുന്നു.
പിഴവില്ലാത്ത ഗൈനക്കോളജി വിദഗ്ധനാണ് ഡോ. സഖറിയ(ലാല്‍) ) ഗര്‍ഭഛിദ്രങ്ങള്‍ നടത്തില്ല എന്നുതുടങ്ങിയ ചില ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് സഖറിയ. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള നാലു ഗര്‍ഭിണികളും അവരുമായുള്ള സഖറിയായുടെ ഇടപെടലുമാണ് സിനിമയുടെ പശ്ചാത്തലം. തന്നേക്കാള്‍ പ്രായമേറെയുള്ള ഭര്‍ത്താവുമായി അത്ര സുഖകരമല്ലാത്ത ദാമ്പത്യം പുലര്‍ത്തുന്നവളാണ് അനുരാധ. ഭര്‍ത്താവിന്റെ സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയാകുന്ന അനുരാധ (സാന്ദ്രാ തോമസ്), കാര്‍അപകടത്തില്‍പെട്ട ഭര്‍ത്താവിന് അധികം ആയുസില്ലെന്ന വിശ്വാസത്തില്‍ പ്രസവിക്കാന്‍ തീരുമാനിക്കുന്നു. കന്യാസ്ത്രീവേഷം ഉപേക്ഷിച്ച് സഭ വിട്ട് അന്‍പത്തിരണ്ടാം വയസില്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയാണ് സിസ്റ്റര്‍ ജാസ്മിന്‍ ജെന്നിഫര്‍( (ഗീത). പ്ലസ്ടു വിദ്യാര്‍ഥിനിയായ സൈറയാണു(സനുഷ)തന്റെ ദുരൂഹഗര്‍ഭ പരിചരണത്തിനും പ്രസവശേഷം കുട്ടിയെ ഏറ്റെടുക്കാനും സഖറിയയുടെ സഹായം തേടുന്ന മൂന്നാമത്തെയാള്‍. ഡോക്ടറുടെ ക്ലിനിക്കിലെ നഴ്‌സും കാസര്‍ഗോഡുകാരിയുമായ ഫാത്തിമ (റിമ കല്ലിങ്കല്‍)) നൈറ്റ് ഷിഫ്റ്റ് ഒഴിവാക്കാന്‍ ഗര്‍ഭിണിയായി വേഷം കെട്ടുന്നു. ഒരു പാടു പ്രസവങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഡോ. സഖറിയയ്ക്കും ഭാര്യ സൂസനും (ആശാ ശരത്) സ്വന്തം കുഞ്ഞുങ്ങളില്ല. വളരെ വിചിത്രമെന്നു പറയാം, സിനിമയില്‍ നാലു ഗര്‍ഭിണികളേക്കാളും മികച്ച അഭിനയം കാഴ്ചവച്ചത് ആശാ ശരത് ആണ്. അനുരാധയായി വരുന്ന സാന്ദ്രാ തോമസ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ്. 'ഫ്രൈഡേ' എന്ന ചിത്രം നിര്‍മിച്ച് സിനിമയിലേക്കുവന്ന സാന്ദ്ര കുറഞ്ഞപക്ഷം സ്വന്തം സിനിമയിലെങ്കിലും അഭിനയിക്കാതിരിക്കുന്നതാവും ബുദ്ധി. സാന്ദ്രയുടെ ഉപരിപ്ലവമായ കഥാപാത്രവും പ്രകടനവും സിനിമയുടെ തുടക്കം മുതല്‍ കല്ലുകടിയാവുന്നുണ്ട്. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്ന സനുഷയും തഥൈവ. ഗീതയുടെ ക്യാരക്ടര്‍ പ്രായമേറെ ചെന്ന് ഗര്‍ഭം ധരിച്ച ഭവാനിയമ്മ എന്ന ഭാഗ്യഹീനയായ അമ്മയെ ഓര്‍മിപ്പിക്കുന്നു. പല വാക്കുകളും പിടികിട്ടാത്ത കാസര്‍ഗോഡ് ഭാഷകൊണ്ടുള്ള റിമയുടെ പ്രകടനം ചില രംഗങ്ങളില്‍ ചിരിയും ചില രംഗങ്ങളില്‍ അസഹ്യതയും ഉണര്‍ത്തുന്നു.
നിര്‍മിതിയില്‍ വളരെ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട് രണ്ടാമത്തെ ചിത്രം മാത്രമൊരുക്കിയ അനീഷ് അന്‍വര്‍ എന്ന സംവിധായകന്‍. രചനയും അനീഷ് തന്നെ. പരസ്പരബന്ധമില്ലാത്ത കഥകളെ കോര്‍ത്തിണക്കാന്‍ അനീഷ് ഉപയോഗിക്കുന്ന കൗശലങ്ങളും ആഖ്യാനരീതികളും അഭിനന്ദനാര്‍ഹം. പി.പത്മരാജന്റെ 'മൂവന്തി' എന്ന കഥ ഉപയോഗിച്ച് ഗ്രാഫിക്‌സുകളിലൂടെ പറയുന്ന ക്ളൈമാക്‌സ് പരീക്ഷണരീതികൊണ്ട് ശ്രദ്ധേയം. വിഷ്ണു നാരായണന്റെ കാമറയാണു ഹൈലൈറ്റ്. പാട്ടുകളും പശ്ചാത്തലസംഗീതവും ചിത്രത്തിന് വളരെ സുഖകരമായ ഒരു ഫീല്‍ സൃഷ്ടിക്കുന്നുണ്ട്. സംഗതി ന്യൂജനറേഷന്‍ ആയതുകൊണ്ട് ഗര്‍ഭകാലത്തിനിടയ്ക്കും 'കക്കൂസ് തമാശകള്‍' ഒഴിവാക്കാനാകാത്തത് ഓക്കാനം സൃഷ്ടിക്കുന്നുമുണ്ട്.
കുട്ടികളുണ്ടാകുന്നതാണ് എല്ലാ കുടുംബങ്ങളിലേയും ഏറ്റവും വലിയ ആഘോഷം എന്നാല്‍ കുടുംബം എന്ന വ്യവസ്ഥാപിത ചട്ടക്കൂടിനു പുറത്ത് ഗര്‍ഭിണിയാകുന്നവളെ അപമാനിതയാക്കാനേ സമൂഹം ശ്രമിക്കൂ. ഗര്‍ഭാവസ്ഥയുടെ ഈ ഇരുണ്ടമാനം തെരഞ്ഞെടുത്ത അനീഷിന്റെ സ്‌ക്രിപ്റ്റ് ധീരവും സ്ത്രീപക്ഷവുമാണ്. ബ്ലെസിയെപ്പോലെ ചുമ്മാ ബ്ലാ ബ്ലാ വാചകമടികളില്ലാതെ തന്നെ സ്ത്രീപക്ഷനിലപാടുകള്‍ (പുരുഷപക്ഷത്തിനിന്നുള്ളതാണെങ്കിലും) അവതരിപ്പിക്കാന്‍ സംവിധായകനാകുന്നുണ്ട്. ആളുകളെ കൂട്ടത്തോടെ തിയറ്ററിലേക്ക് ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഘടകങ്ങള്‍ ഈ ഗര്‍ഭിണികള്‍ക്കു കുറവാണ്. എങ്കിലും പുതുതലമുറ സിനിമ എന്ന നിലയില്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കാവുന്നതാണ് അനീഷിന്റെ ഗര്‍ഭിണികള്‍.
വാല്‍ക്കഷണം: കുറഞ്ഞപക്ഷം നമ്മടെ കളിമണ്ണു കച്ചവടക്കാരന്‍ ബ്ലെസിയെങ്കിലും സഖറിയയുടെ ഗര്‍ഭിണികള്‍ കാണുന്നത് നന്നായിരിക്കും. കളിമണ്ണു വെറും കളിപ്പീരാണെന്നും വ്യാജഗര്‍ഭമാണെന്നും പറഞ്ഞവര്‍ അമ്മയെ വിലയില്ലാത്തവര്‍ ആണെന്നു പറഞ്ഞു നാടുനീളെ വിലപിച്ച ബെസ്ലി കാണണം ലേബര്‍ റൂമില്‍ കൊണ്ട് ഒളികാമറ വയ്ക്കാതെ പ്രസവവും ഗര്‍ഭാവസ്ഥയും എങ്ങനെ ചിത്രീകരിക്കാമെന്ന്. മാതൃത്വത്തെക്കുറിച്ചു വാചകമടിച്ച് ആള്‍ക്കാരെ വെറുപ്പിച്ച കളിമണ്ണിനെ അപേക്ഷിച്ച് വളരെ മികച്ച സിനിമ തന്നെയാണ് 'സഖറിയായുടെ ഗര്‍ഭിണികള്‍
Post a Comment