ഒരുവ്യക്തിയിലെ ശിശു, പിതൃഭാവങ്ങള്‍ എങ്ങനെയായിരിക്കണമെന്നു കഴിഞ്ഞ ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ഭാവങ്ങള്‍ നമ്മുടെയുള്ളില്‍ തനിയെ വളര്‍ന്നുവരുന്നവയാണ്. ഇവ രണ്ടും അതേപടി പ്രകടിപ്പിച്ചാല്‍ ഒന്നുകില്‍ നമ്മെ തനി ബാലിശ സ്വഭാവമുള്ളവനായും അല്ലെങ്കില്‍ കര്‍ക്കശക്കാരനോ ബോറനോ ആയും സമൂഹം മുദ്രകുത്തും. ഇതുവരാതിരിക്കാന്‍ നാം ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ട മധ്യസ്ഥനെയാണ് പക്വഭാവം എന്നു പറയുന്നത് (adultA).
പറഞ്ഞാല്‍ അതേപടി കേള്‍ക്കാനും തോന്നുന്നതു ചെയ്യാനുമുള്ള നമ്മുടെ പ്രവണതകളെ മറികടന്ന് സംഗതികള്‍ വസ്തുനിഷ്ഠമായി ഗ്രഹിക്കാനുള്ള കഴിവാണ് പക്വഭാവം. ഈ ഭാവം ശരിക്കു വളര്‍ന്നവരെയാണ് സമൂഹം പക്വതയുള്ളവരുടെ പട്ടികയില്‍ പെടുത്തുക. ജീവിതാനുഭങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാനുള്ള വ്യക്തിത്വത്തിലെ ഒരു കംപ്യൂട്ടറാണ് പക്വഭാവം. പിതൃഭാവത്തിലെയും ശിശുഭാവത്തിലെയും തള്ളേണ്ടതും കൊള്ളേണ്ടതുമായ വശങ്ങള്‍ തനിയേ കണെ്ടത്താന്‍ ഒരു വ്യക്തിയെ സഹായിക്കുന്നത് പക്വഭാവമാണ്. വ്യക്തിത്വത്തിലെ അപാകതകള്‍ നീക്കി വ്യക്തിത്വം നന്നാക്കുന്നതാണ് പക്വഭാവത്തിന്റെ ധര്‍മം. പിതൃഭാവത്തെയും ശിശുഭാവത്തെയും സംസ്കരിച്ച് ഉപയോഗിക്കാന്‍ പക്വഭാവം നന്നായി വളര്‍ന്നവര്‍ക്ക് സാധിക്കും.
ചിലവ്യക്തിത്വങ്ങള്‍ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നത് ഈ മൂന്നു ഭാവങ്ങളും കൃത്യമായി ഉപയോഗിക്കുന്നതു മൂലമാണ്.
കളിക്കാനും ഉല്ലസിക്കാനും കാര്യങ്ങള്‍ ആസ്വദിക്കാനും ഒക്കെയുള്ള കഴിവ് ഒരാള്‍ക്കു നല്‍കുന്നത് ശിശുഭാവമാണ്. ഒപ്പം വാശി, സ്വാര്‍ഥത, ഔചിത്യമില്ലായ്മ, സമയോചിതമല്ലാത്ത പെരുമാറ്റം, യുക്തി രഹിതമായ ചിന്ത തുടങ്ങി ഒട്ടേറെ ദുര്‍ഗുണങ്ങളും ഈ ഭാവത്തിനുണ്ട്. നമ്മുടെ സ്വഭാവത്തിലെ ഈ ദുര്‍ഗുണങ്ങള്‍ മാറ്റുകയാണ് പക്വഭാവം ചെയ്യേണ്ടത്. ഇവ മാറുന്നതോടെ നമ്മിലെ ശിശുഭാവം ശുദ്ധമാകും.
നിര്‍ദേശങ്ങള്‍ നല്‍കുക, തീരുമാനങ്ങള്‍ എടുക്കുക, മൂല്യബോധം, ധാര്‍മികത, ഉത്കൃഷ്ഠമായ ചിന്ത, ദൈവവിശ്വാസം തുടങ്ങി ഒട്ടനവധി നന്മകള്‍ ഒരാളുടെ വ്യക്തിത്വത്തിന് നല്‍കുന്നത് പിതൃഭാവമാണ്. എന്നാല്‍ കോപം, അഹങ്കാരം, ആജ്ഞ, വഴക്ക്, ഞാനെന്ന ഭാവം, പരുക്കന്‍ മനോഭാവം, മറ്റുള്ളവരെ സദാസമയവും കുറ്റപ്പെടുത്തല്‍, മറ്റുള്ളവരെ വിധിക്കല്‍ തുടങ്ങി ഒട്ടനവധി തിന്മകളും പിതൃഭാവത്തിനുണ്ട്. നമ്മുടെ വ്യക്തിത്വത്തില്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണേ്ടാ എന്നുകണെ്ടത്താന്‍ നല്ല പക്വഭാവമുള്ളവര്‍ക്കാകും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ നമ്മിലെ പിതൃഭാവത്തെ നന്നാക്കാം.
ഇനി നമ്മില്‍ ഒരോവികാരങ്ങള്‍ ഉണ്ടാകുമ്പോഴും അത് പ്രകടിപ്പിക്കുന്നതി നുമുമ്പ് അത് ഉചിതമാണോ എന്ന് നമ്മുടെ പക്വഭാവത്തോട് ചോദിക്കുക. രണ്ടു ഭാവങ്ങളും പക്വതയടെ ഭാവത്തിലൂടെ കടത്തിവിടുക. അപ്പോള്‍ സൗന്ദര്യം നിങ്ങളുടെ വ്യക്തിത്വത്തെ തേടി വരും. |
|
Post a Comment