{[['']]}
റിക്രൂട്ട്‌മെന്റ് കേസ്: 3 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; 10 പ്രതികള്‍ക്ക് ജീവപര്യന്തം
കൊച്ചി: രാജ്യം ഉറ്റുനോക്കിയ കാശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. പ്രതികളെല്ലാം 50,000 രൂപ വീതം പിഴയും നല്‍കണം. കേസിലെ പതിനഞ്ചാം പ്രതി അബ്ദുള്‍ ജബ്ബാര്‍, ഇരുപത്തിമൂന്നാം പ്രതി സര്‍ഫറാസ് നവാസ്, പതിനാറാം പ്രതി സാബിര്‍ പി.ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. മൂന്നാം പ്രതി തടിയന്റവീട നസീര്‍ നിലവില്‍ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ജീവപര്യന്തം അനുഭവിച്ചു വരികയാണ്. ഈ ശിക്ഷ തീരുന്ന മുറയ്ക്ക് പുതിയ ശിക്ഷ അനുഭവിക്കണം. ഇതോടെ ഫലത്തില്‍ നസീറിനും ഇരട്ട ജീവപര്യന്തമായി.
കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്.വിജയകുമാറാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ രാജ്യത്തിനെതിരായി യുദ്ധം ചെയ്തുവെന്നും ഇവര്‍ ഒരു തരത്തിലുള്ള കരുണയ്ക്കും അര്‍ഹരല്ലെന്നും വിധി പ്രഖ്യാപിക്കവേ കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതികള്‍ ഭീഷണിയുയര്‍ത്തി. മതപഠന ക്‌ലാസിന്റെ മറവില്‍ തീവ്രവാദം വളര്‍ത്തി. വലിയ തോതിലുള്ള കുറ്റമാണ് ഇവര്‍ ചെയ്തത്. സമൂഹത്തിലെ മറ്റുള്ളവര്‍ക്കും പാഠമാകുന്ന ശിക്ഷ തന്നെ നല്‍കുന്നുവെന്നും ജഡ്ജി വ്യക്തമാക്കി. പ്രതികളെ ജയിലില്‍ നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്നും മാനസാന്തരമുണ്ടായാല്‍ സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും കോടതി നിരീക്ഷിച്ചു.
അബ്ദുള്‍ ജബ്ബാറിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി നിരസിച്ചു. ശിക്ഷയില്‍ ഇളവ് നല്‍കണ പ്രതികളുടെ ആവശ്യവും കോടതി തള്ളി. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ജലീല്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളായ കാവഞ്ചേരി മുട്ടന്നൂര്‍ തായാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി സാബിര്‍, പള്ളിക്കര സര്‍ഫറാസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദീന്‍, അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫസല്‍, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്ിയല്‍ പൗണ്ട് വളപ്പ് ഷഫാസ്, കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ശിക്ഷിച്ചത്.
കേരളത്തില്‍ നിന്ന് യുവാക്കളെ തീവ്രവാദത്തിന് റിക്രൂട്ട് ചെയ്തത് നസീറായിരുന്നു. ഇതിനുള്ള പണം എത്തിച്ചു നല്‍കിയത് സര്‍ഫറാസ് നവാസായിരുന്നു. പാകിസ്താനിലേക്കള തീവ്രവാദികള്‍ക്ക് കടക്കാന്‍ വിദേശത്തുനിന്ന് പണം എത്തിച്ചതും തടിയന്റവിട നസീറിനെ ബംഗ്ലാദേശിലേക്ക് കടക്കാന്‍ സഹായിച്ചതും നവാസായിരുന്നു. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റുവെങ്കിലും രക്ഷപ്പെട്ടയാളാണ് ജബ്ബാര്‍. ജബ്ബാറിനെ ചികിത്സിക്കുകയും ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്ത പ്രതിയാണ് സബീര്‍ ബുഹാരി.
ദേശവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ പാക് അധീനകാശ്മീരിലേക്ക് റിക്രൂട്ട് ചെയ്തതിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു. പാകിസ്താന്‍കാരനായ ലഷ്‌കറെ തോയ്ബ കമാന്‍ഡര്‍ വാലി എന്ന അബ്ദുള്‍ ഖാദര്‍ രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളി യുവാക്കളെ കാശ്മീരിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നാണ് എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നത്.
2006 മുതല്‍ 2008 വരെ കേരളത്തില്‍ വിവിധ ഇടങ്ങളിലായി നടന്ന തൊരീക്കത്ത് ക്ലാസുകളിലൂടെ ഇതിനു വഴിയൊരുക്കി. ഇതിനായി പള്ളിക്കര സ്വദേശി സര്‍ഫറാസ് നവാസ്, കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എന്നിവര്‍ക്ക് ബംഗ്ലാദേശിലെ ഹവാല ഏജന്റ് സാഹിദ് വഴി കേരളത്തില്‍ പണമെത്തിച്ചു.കണ്ണൂര്‍ തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തരു മുഴത്തടം അറഫയില്‍ ഫാരിസ്, പരപ്പനങ്ങാടി ആലുങ്കല്‍ ബീച്ച് കോയസാന്‍ കാനകത്ത്, എറണാകുളം വെണ്ണല കൊടുവേലിപ്പറപ്പില്‍ വര്‍ഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിന്‍, കാവഞ്ചേരി അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ ആയുധ പരിശീലനത്തിനായി റിക്രൂട്ട് ചെയ്തു. ഇവര്‍ക്കു കാശ്മീരിലെ കുപ്‌വാരയില്‍വച്ച് ആയുധ പരിശീലനം നല്‍കി. പരിശീലനം പൂര്‍ത്തിയാക്കി കാശ്മീര്‍ വഴി മടങ്ങുന്നതിനിടെസൈന്യത്തില്‍ കണ്ണില്‍പെടുകയും ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ നടന്ന ഏറ്റുമുട്ടലില്‍ നാലു യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇതോടെയാണ് തീവ്രവാദ കേസുകളില്‍ മലയാളി യുവാക്കള്‍ ഉള്‍പ്പെട്ടതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് എടയ്ക്കാണ് പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫയാസും തടിയന്റവിട നസീറും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖ പോലീസിനു ലഭിച്ചു. തീവ്രവാദികള്‍ കാശ്മീരിലേക്കുള്ള യാത്രമധ്യേ ഡല്‍ഹിയില്‍ താമസിച്ചതിന്റെ രേഖയും കണ്ടെടുത്തു. നസീര്‍ പണമയച്ചതിന്റെ രേഖയും കണ്ടെടുത്തിരുന്നു. കേസിന്റെ സ്വഭാവം മനസ്സിലാക്കി എന്‍ഐഎയ്ക്ക് കൈമാറി. തടിയന്റവിട നസീറിനെ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയതോടെയാണ് കേസിന്റെ സ്വഭാവം കൂടുതല്‍ വ്യക്തമായത്. കൂടാതെ മൂന്ന് പ്രതികള്‍ കീഴടങ്ങുകയും ഇവരുടെ മൊഴിയും ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരുടെ മൊഴികളും നിര്‍ണ്ണായകമായി. 2012 ഫെബ്രുവരിയിലാണ് എന്‍.ഐ.എ. പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. 186 സാക്ഷികളെ എന്‍ഐഎ ഹാജരാക്കി.
കാശ്മീരിലെ കുപ്പ്‌വാര പ്രവിശ്യയിലെ ലോലാബില്‍ 2008 ഒക്‌ടോബര്‍ 24മുതല്‍ 26 വരെയുണ്ടായ ഏറ്റുമുട്ടലില്‍ നാലുമലയാളികളടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ ഏറ്റമുട്ടലില്‍ പങ്കെടുത്ത അബ്ദുല്‍ ജബ്ബാറിനെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റമാണ് കൊച്ചി എന്‍ഐഎ കോടതി ചുമത്തിയത്.
കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാര്‍, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്ദുള്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെ കഴിഞ്ഞ ദിവസം വെറുതേവിട്ടു.
ആകെ 24 പ്രതികളുള്ള കേസില്‍ നാലുപേര്‍ കാശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍കാരന്‍ വാലി അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നീ പ്രതികളെ പിടികൂടാനായില്ല. ഇവരെ ഒഴിവാക്കി ബാക്കി 18 പേരുടെ വിചാരണയാണു നടന്നത്. സുരക്ഷാകാരണങ്ങളാല്‍ ഇവരുടെ രഹസ്യവിചാരണയാണു നടത്തിയത്.
-
Post a Comment