{[['']]}
ജയദേവ് മേനോന്‍തോമസ് ആകെ വിഷമത്തിലാണ്. ടാക്‌സി സര്‍വീസ് സംരംഭമായ ഗോ കാബിന്റെ ഉടമയാണിദ്ദേഹം. കഴിഞ്ഞ ആറുമാസമായി തോമസിന്റെ ടാക്‌സി സര്‍വീസിന്റെ യാത്ര പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ്. റോഡിനെ താറുമാറാക്കിയിരിക്കുന്ന വന്‍ കുഴികളോ അത് അടക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ നിലപാടോ അല്ല തോമസിനെ ഈ സ്ഥിതിയിലാക്കിയിരിക്കുന്നത്. മറിച്ച്, സ്ഥിരമായി യാത്രക്കായി കാര്‍ വിളിച്ചിരുന്ന സ്വന്തം ഇടപാടുകാര്‍ ഇപ്പോള്‍ വിളിക്കുന്നേയില്ല എന്നതാണ് പ്രശ്‌നം. കുമരകത്തെ റിസോര്‍ട്ട് ഉടമയാണ് കുമാര്‍. തന്റെ റിസോര്‍ട്ടിലെ മുറികള്‍ക്ക് വര്‍ഷം മുഴുവന്‍ ബുക്കിംഗുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന വ്യക്തി. ഇന്ന് കുമാറും ഒന്നും മിണ്ടുന്നില്ല. ടൂറിസ്റ്റ് സീസണ്‍ ആയിട്ടുപോലും ആഴ്ചയില്‍ എല്ലാ ദിവസവും ആളെ കിട്ടാനുള്ള വഴികള്‍ ആലോചിച്ച് ഉഴറുകയാണ് ഇദ്ദേഹവും. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. കടകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിയുന്നുവെന്ന് റീറ്റെയ്ല്‍ വ്യവസായമേഖല പരാതിപ്പെടുന്നു. ഓട്ടോമൊബീല്‍ ഡീലര്‍മാര്‍ പുതിയ വാങ്ങലുകാര്‍ക്കായി പരസ്പരം പോരടിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റും വില്ലയും വാങ്ങാന്‍ ഇടപാടുകാര്‍ താല്‍പ്പര്യം കാണിക്കാത്തത് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെ കടക്കെണിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. ഇതോടെ പദ്ധതികളും ഇഴയുന്നു. മോശം പ്രകടനത്തിന്റെ പേരില്‍ പല സ്ഥാപനങ്ങളിലെയും സെയ്ല്‍സ് ടീമിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുന്നു. ഭൂരിഭാഗം കോര്‍പ്പറേറ്റ് വാങ്ങലുകാരും വ്യക്തിഗത ഉപഭോക്താക്കളും അവശ്യ വസ്തുക്കള്‍ മാത്രമേ ഇപ്പോള്‍ വാങ്ങുന്നുള്ളൂ. നാണ്യപ്പെരുപ്പം വളരെയേറെ ഉയര്‍ന്നു നില്‍ക്കുന്ന, പ്രവചനാതീതമായ സാഹചര്യത്തില്‍ അത്ര ആവശ്യമില്ലാത്തവ വാങ്ങുന്നത് ഒഴിവാക്കുകയാണ്. അപ്പോള്‍ ഇങ്ങനെയുള്ള സങ്കീര്‍ണമായ വിപണിയില്‍ എങ്ങനെയൊരു സംരംഭകന്‍ തന്റെ ഉല്‍പ്പന്നം വിറ്റഴിക്കും? വിപണിയിലെ മാന്ദ്യം മറികടക്കാനുള്ള ഗെയിം പ്ലാന്‍ വല്ലതുമുണ്ടോ? ഇതാ ചില കാര്യങ്ങള്‍ഉപഭോക്താവിന്റെ മേലുള്ള ശ്രദ്ധ പാളരുത്അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളില്‍ കമ്പനികള്‍ പൊതുവേ ഉപഭോക്താക്കളെ അവഗണിക്കാറുണ്ട്. കാരണം അവര്‍ക്ക് യഥേഷ്ടം ഇപഭോക്താക്കളുണ്ട്. വളരെ മോശം സേവനമാകും ഒരുപക്ഷേ നല്‍കുക. എന്നാല്‍ മാന്ദ്യകാലഘട്ടത്തില്‍ സപ്ലയര്‍മാരും സേവനദാതാക്കളും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തിയേ തീരൂ. ഉപഭോക്താവ് എന്താണ് പറയുന്നതെന്ന് കേള്‍ക്കണം. പ്രത്യേകിച്ച് ഏറ്റവും വലിയ വിശ്വസ്തരായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കണം. എന്നിട്ട് അവര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ ശ്രമിക്കണം. വരുമാനം തുടര്‍ച്ചയായി നല്‍കിക്കൊണ്ടിരിക്കുന്ന ഇടപാടുകാരെ പിടിച്ചു നിര്‍ത്തണം. യഥാര്‍ത്ഥത്തില്‍ മാന്ദ്യകാലം ലോയല്‍റ്റി പദ്ധതികള്‍ അവതരിപ്പിക്കാന്‍ പറ്റിയ കാലം കൂടിയാണ്. ഇതിലൂടെ ഉപഭോക്താവിന് കൂടുതല്‍ മെച്ചം നല്‍കണം. സംരംഭകന് കൂടുതല്‍ ബിസിനസും കിട്ടും. നിലവിലുള്ള ഉപഭോക്താവ് മറ്റൊരു ഉപഭോക്താവിനെ കൂടി കൊണ്ടുവരുന്നതുപോലെ. സംരംഭത്തിന്റെ സല്‍പ്പേര് ബിസിനസാക്കി മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കേണ്ടത്. കൂടുതല്‍ ഇടപാടുകാരെ കാണുകതീര്‍ച്ചയായും ഇത് കസേര വിട്ടെഴുന്നേറ്റ് പുറത്തു പോയി ജോലി ചെയ്യാനുള്ള സമയമാണ്. ഇടപാടുകാരെ തേടി അവരുടെ അടുത്തേക്ക് പോകുക. കൂടുതല്‍ ഇടപാടുകാരെ നേരില്‍ സന്ദര്‍ശിക്കുക. കൂടുതല്‍ പേരെ നിങ്ങളുടെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുക. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേര്‍ കാണട്ടെ. സംരംഭത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ളവര്‍ മാത്രമല്ല എല്ലാവരും ഉല്‍പ്പന്നം വില്‍ക്കാനുള്ള മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. സെയ്ല്‍സ് വിഭാഗത്തിന് പുറത്തുള്ള ജീവനക്കാര്‍ക്കും ഉല്‍പ്പന്നശ്രേണിയെ കുറിച്ച് വ്യക്തമായ അറിവ് നല്‍കാന്‍ പ്രത്യേക പരിശീലനം നല്‍കുക. ഉപഭോക്താക്കളാകാന്‍ സാധ്യതയുള്ളവരെ കുറിച്ച് സെയ്ല്‍സ് ടീമിന് അറിവ് നല്‍കാന്‍ ഇവരോട് പറയുകയും ചെയ്യാം. അവശ്യവസ്തുക്കളുടെ ഗണത്തില്‍ പെടുകനിങ്ങളുടെ ഉല്‍പ്പന്നം/സേവനം ഉപഭോക്താവിന് അത്യാന്താപേഷിതമാണെന്ന് തോന്നും വിധത്തിലുള്ള തീം വികസിപ്പിച്ചെടുത്തിട്ടുണ്ടോ? നിങ്ങളുടെ ഇടപാടുകാരുടെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിങ്ങളുടെ ഉല്‍പ്പന്നം ഇടം നേടിയിട്ടുണ്ടോ? ഉദാഹരണത്തിന് ഒരു ഹോളിഡേ റിസോര്‍ട്ടിനെ സെയ്ല്‍സ് കോണ്‍ഫറന്‍സിനുള്ള മികച്ച ഇടമായി അവതരിപ്പിക്കാന്‍ കഴിയുമോ എന്ന് നോക്കുക അല്ലെങ്കില്‍ വിലയ്‌ക്കൊത്ത മൂല്യം നല്‍കുന്ന ഒരു ഇന്‍സെന്റീവായി അവതരിപ്പിക്കാന്‍ കഴിയുമോ? പ്രതിസന്ധി ഘട്ടങ്ങളില്‍ സ്ഥാപനങ്ങള്‍ തങ്ങളുടെ സെയ്ല്‍സ് ടീമിനെ കൂടുതല്‍ പ്രചോദിപ്പിച്ച് നിര്‍ത്തേണ്ടത് ആവശ്യമാണ്. അത് മനസില്‍ കണ്ട് റിസോര്‍ട്ടിന്റെ മാര്‍ക്കറ്റിംഗ് പ്ലാന്‍ സ്ഥാപനത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. ഇടപാടുകാരെ വലിച്ചടുപ്പിക്കുകറെസ്റ്റോറന്റുകള്‍ക്കും റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇന്നത്തെ അല്ലെങ്കില്‍ ഈ ആഴ്ചയിലെ സവിശേഷതയായി ചിലതിനെ ഉയര്‍ത്തി കാണിച്ച് രംഗത്ത് വരാം. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വളരെ ആകര്‍ഷകമായ വിലയായിരിക്കും. ഒരുപക്ഷേ ഉല്‍പ്പാദന ചെലവോ നേരിയ മാര്‍ജിന്‍ മാത്രം എടുത്തുകൊണ്ടുള്ള വിലയോ മാത്രമായിരിക്കും ഇതിന് ഈടാക്കുക. പക്ഷേ ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഇവര്‍ തേടിയെത്തുന്ന ഉല്‍പ്പന്നത്തില്‍ സംതൃപ്തരായാല്‍ കൂടുതല്‍ ഉല്‍പ്പന്നം വാങ്ങിയെന്നിരിക്കും. അത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്ന് സാധാരണ മാര്‍ജിനുമെടുക്കാം. ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് വില്‍പ്പനക്കാര്‍ 'ഇന്ന് മാത്രം' എന്ന പേരില്‍ ഓഫറുകള്‍ അവതരിപ്പിക്കാറുണ്ട്. ഏതെങ്കിലും ഉല്‍പ്പന്നം വാങ്ങണമെന്ന ആലോചനയുള്ള ഉപഭോക്താക്കളെ ഇത്തരം ഓഫറുകള്‍ തീരുമാനം വേഗത്തിലെടുക്കാന്‍ പ്രേരിപ്പിക്കും. അവരതിന് നിര്‍ബന്ധിതരാകാനും ഇത്തരം ഓഫറുകള്‍ സഹായിക്കും. ഫിനാന്‍സ് കമ്പനികളുമായി ചേര്‍ന്ന് തവണ വ്യവസ്ഥയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യം കൂടി സൃഷ്ടിച്ചാല്‍ വില്‍പ്പന മെച്ചപ്പെടും. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുകമികച്ച സെയ്ല്‍സ് പ്രൊഫഷണലുകളെ കണ്ടെത്തുക ഇക്കാലത്ത് പ്രയാസമാണ്. ഇനി കൂടെയുള്ളവരുടെ സേവനം ദീര്‍ഘകാലം ലഭിച്ചെന്നുമിരിക്കില്ല. പലരും കഠിനാധ്വാനം ചെയ്യാനും തയാറല്ല അതിനാല്‍ നിങ്ങളുടെ ഉല്‍പ്പന്നം/സേവനം വില്‍ക്കാന്‍ ഒരു ബദല്‍ രീതി കണ്ടെത്തുന്നത് നന്നായിരിക്കും. നാം നേരത്തെ കണ്ട റിസോര്‍ട്ട് ഉടമയ്ക്കും ടാക്‌സി സര്‍വീസ് ഉടമയ്ക്കും തമ്മില്‍ ധാരണയിലെത്തി പരസ്പരം വില്‍പ്പനയില്‍ സഹായിക്കാം. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബാങ്കുകള്‍ വില്‍ക്കുന്നുണ്ട്. റെസ്റ്റോറന്റുകള്‍ ബുക്കുകളും വസ്ത്രങ്ങളും ജൂവല്‍റികളും വില്‍ക്കുന്നുണ്ട്. ഇതുപോലെ നിങ്ങളുടെ ബിസിനസിനെ പ്രമോട്ട് ചെയ്യുന്ന മറ്റൊരു പങ്കാളിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള വഴികള്‍ തേടുക. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുള്ള സ്മാര്‍ട്ടായ, ഏറ്റവും ചെലവു ചുരുങ്ങിയ വഴിയാണിന്ന് ഇന്റര്‍നെറ്റ്. ആ മേഖലയില്‍ എന്താണ് നിങ്ങളുടെ തന്ത്രം?ഇന്റര്‍നെറ്റ് ലോകത്ത് നിങ്ങളുടെ സാന്നിധ്യം എത്രമാത്രം മികച്ചതാണ്? സാമ്പത്തികരംഗം മോശമാണെന്നത് വാസ്തവമാണ്. എന്നുവെച്ച് ഉപഭോക്താക്കളെല്ലാം അപ്രത്യക്ഷരായിട്ടില്ല. അവരെ കണ്ടെത്തുന്നത് കുറച്ച് പ്രയാസമാണെന്ന് മാത്രം. ഈ സാഹചര്യത്തില്‍ സംരംഭകന്‍ കുറച്ചു വിശാലമായി തന്നെ ഉപഭോക്താക്കള്‍ക്കായുള്ള വല വീശണം. അടിസ്ഥാന കാര്യങ്ങളില്‍ മുറുകെ പിടിക്കുക! ബിസിനസ് ലക്ഷ്യങ്ങള്‍ പുനര്‍വിചിന്തനത്തിന് വിധേയമാക്കാനും നിങ്ങളുടെ കരുത്ത് പരീക്ഷണ വിധേയമാക്കാനും കൂടിയുള്ള സമയമാണ് മാന്ദ്യകാലം. നിങ്ങളുടെ സെയ്ല്‍സ് തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുക. സെയ്ല്‍സ് ടീമിന്റെ വൈദഗ്ധ്യം തേച്ചുമിനുക്കി ലക്ഷ്യം നേടിയെടുക്കാന്‍ പ്രാപ്തമാക്കുക. കാരണം, സെയ്ല്‍സ് ടീം അവരുടെ കഴിവിന്റെ പരകോടിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിപ്പോള്‍.സെയ്ല്‍സ് കണ്‍സള്‍ട്ടന്റും ട്രെയ്‌നറുമാണ് ലേഖകന്‍.
Post a Comment