{[['']]}
Kerala tv show and news
ലാലു 5 വര്‍ഷം അഴിയെണ്ണും
റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം കഠിനതടവ്. ഇതോടെ ലാലുവിന് പാര്‍ലമെന്റ് അംഗത്വം നഷ്‌ടമായി. 11 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ലാലുവിന്റെ പാര്‍ട്ടിയുടെ നേതൃത്വം അങ്കലാപ്പിലായി. ലാലു 25 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
കുറ്റക്കാരെന്നു കണ്ടെത്തിയ ജെ.ഡി.യു. സിറ്റിംഗ് എം.പി. ജഗദീഷ് ശര്‍മയ്‌ക്കു നാലുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്‌ക്ക് നാലുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ജഹാനാബാദില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ ജഗദീഷ് ശര്‍മയ്‌ക്കും പാര്‍ലമെന്റ് അംഗത്വം നഷ്‌ടമാകും.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്ര സജീവരാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഉടനടി സഭാംഗത്വം നഷ്‌ടമാകുമെന്ന സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണു ലാലുവിനും ജഗദീഷ് ശര്‍മയ്‌ക്കും പാര്‍ലമെന്റിനു പുറത്തുപോകേണ്ടിവരുന്നത്. അപ്പീല്‍ കാലയളവില്‍ അംഗങ്ങള്‍ക്കു പരിരക്ഷ നല്‍കുന്ന തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നെങ്കിലും എതിര്‍പ്പുകളെത്തുടര്‍ന്നു പിന്‍വലിച്ചിരുന്നു.
ലാലു അടക്കമുള്ളവരെ പാര്‍പ്പിച്ചിരുന്ന ബിര്‍സ മുണ്ട സെന്‍ട്രല്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണു വിധി സി.ബി.ഐ. പ്രത്യേക കോടതി ജഡ്‌ജി പ്രവാസ് കുമാര്‍ സിംഗ് ശിക്ഷ പ്രസ്‌താവിച്ചത്. തങ്ങള്‍ നിരപരാധികളാണെന്നു പ്രതികള്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അഴിമതി നിരോധന നിയമപ്രകാരമാണു ശിക്ഷ.
അവിഭക്‌ത ബിഹാറിലെ ചായ്‌ബാസ ട്രഷറിയില്‍നിന്ന് 37.7 കോടി രൂപ വ്യാജരേഖകള്‍ ഉപയോഗിച്ചു തിരിമറി നടത്തിയ തട്ടിപ്പുകേസിലെ പ്രതികളായ ആറു മറ്റു രാഷ്‌ട്രീയക്കാര്‍ക്കും നാല് ഐ.എ.എസ്. ഓഫീസര്‍മാര്‍ക്കുമുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു. 45 പ്രതികളില്‍ എട്ടുപേര്‍ക്കുള്ള ശിക്ഷ സെപ്‌റ്റംബര്‍ 30ന് പ്രഖ്യാപിച്ചിരുന്നു. മറ്റു 36 പ്രതികള്‍ക്കു നല്‍കേണ്ട ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്നലെ രാവിലെ സി.ബി.ഐ. കോടതിയില്‍ നടന്നു.
മുന്‍ വികസന കമ്മിഷണര്‍ ഭൂല്‍ചന്ദ് സിംഗ്, മുന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സെക്രട്ടറി മഹേഷ് പ്രസാദ്, മുന്‍ എ.എച്ച്.ഡി. സെക്രട്ടറി ബെക്ക് ജൂലസ്, മുന്‍ ആദായനികുതി വകുപ്പ് കമ്മീഷണര്‍ അദിപ് ചന്ദ്ര ചൗധരി, മുന്‍ ക്ലാസ് വണ്‍ ഓഫീസര്‍മാരായ ഗൗരീ ശങ്കര്‍ പ്രസാദ്, ബ്രജ്‌നന്ദന്‍ ശര്‍മ, കെ.എം. പ്രസാദ് എന്നിവര്‍ ശിക്ഷിക്കപ്പെട്ടവരില്‍പെടും.
വിധി ഉന്നതകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ആര്‍.ജെ.ഡി. വക്‌താവ് മനീഷ് ഝാ പറഞ്ഞു. വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നു ലാലുവിന്റെ മകന്‍ തേജസ്വി അറിയിച്ചു. 1990കളില്‍ കാലിത്തീറ്റയും മറ്റും വാങ്ങാനെന്നപേരില്‍ സംസ്‌ഥാനഖജനാവില്‍ നിന്ന് 950 കോടിരൂപയോളം തിരിമറി നടത്തിയകേസാണ് കാലിത്തീറ്റ കുംഭകോണം എന്നപേരില്‍ കുപ്രസിദ്ധമായത്.
53 കേസുകളോളം രജിസ്‌റ്റര്‍ ചെയ്‌ത ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ ചായ്‌ബാസ ട്രഷറി തട്ടിപ്പിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. കേസില്‍ കുറ്റപത്രം ചുമത്തിയതിനേത്തുടര്‍ന്ന് ലാലുവിന് ബിഹാര്‍ മുഖ്യമന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നിരുന്നു. തുടര്‍ന്നു ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കിയശേഷം 1997 ജൂലൈ 31ന് ലാലു കോടതിയില്‍ ഹാജരാകുകയായിരുന്നു.
Post a Comment