{[['']]}
ലണ്ടന്‍: അറിയാത്ത ഗര്‍ഭത്തില്‍ നിന്ന് യുവതിക്ക് സുഖ പ്രസവം. നോര്‍വിച്ചിയിലാണ് ഇത്തരമൊരു രസകരമായ സംഭവം നടന്നത്. കലശലായ വയറുവേദനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെരേസ ഹൌവാഡ് എന്ന 43 കാരിയാണ് കഴിഞ്ഞ ശനിയാഴ്ച ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് അവര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച തെരസേയ്ക്ക് കലശലായ വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവായ ഗ്ലെന്‍ ടോഹന്‍ ജോലി സ്ഥലത്തുനിന്നും വീട്ടില്‍ എത്തി ഇവരെ നോര്‍ഫോക്ക് ആന്‍ഡ് നോര്‍വിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നിട്ടും വയറു വേദന ശമിക്കാതെ വന്നപ്പോള്‍ പ്രസവ വേദനയായിരിക്കുമെന്ന് എമര്‍ജന്‍സിയിലെ റിസപ്ഷനിസ്റ്റ് സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലായെന്നാണ് ഭാര്യയും ഭര്‍ത്താവും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഗര്‍ഭം സ്ഥിരീകരിക്കുകയായിരുന്നു. 2 മണിക്കൂറിനുള്ളില്‍ തെരേസ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ഈ വിവരം അറിഞ്ഞിട്ടും ആദ്യം ഗ്ലെന്‍ ടോഹന് കുറച്ചു നേരത്തേയ്ക്ക് ഈ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ ഗ്ലെന്നിന്റെ കൈയ്യിലേയ്ക്ക് നഴ്സുമാര്‍ വച്ചു കൊടുത്തപ്പോഴാണ് പതുക്കെ പതുക്കെ യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടത്. അങ്ങനെ ദമ്പതികള്‍ അറിയാതെ മൂന്നാമത്തെ കണ്മണിക്ക് ജന്മം നല്‍കുകയായിരുന്നു. ഏതന്‍ എന്നാണ് അവര്‍ കുട്ടിക്ക് പേര്‍ നല്‍കിയിരിക്കുന്നത്. പാര്‍സല്‍ഫോഴ്സിലെ ജോലിക്കാരനാണ് ഗ്ലെന്‍ ടോഹന്‍. ആദ്യ രണ്ട് ഗര്‍ഭങ്ങളിലും കാണിച്ച ലക്ഷണങ്ങളൊന്നും മൂന്നാമത്തെ കുഞ്ഞ് ഉദരത്തില്‍ വളരുന്നതിനിടെ പ്രകടമായിരുന്നില്ലെന്നും ദഹനക്കേടുകൊണ്ടുള്ള വയറു വേദനയാണെന്നാണ് താന്‍ കരുതിയതെന്നും തെരേസ പറഞ്ഞു. ഇടയ്ക്കിടെ വയറുവേദന വരാറുണ്ടെങ്കിലും പ്രസവവേദനയാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും തെരേസ വ്യക്തമാക്കി.
Post a Comment