{[['']]}
കാഠ്‌മണ്ഡു: ഈ റുപിയുടെ ഒരു കാര്യം. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ... എന്ന പരാമര്‍ശം മനുഷ്യന്റെ കാര്യത്തില്‍ മാത്രമല്ല, റുപ്പിയുടെ കാര്യത്തിലും ശരിയാണെന്ന് വന്നിരിക്കുകയാണ്. അല്ലെങ്കില്‍ പിന്നെ കുപ്പക്കൂനയില്‍ മരണം കാത്തുകിടന്ന ഈ നായ ലോകപ്രശസ്‌തമായ ഹിമാലയത്തിന്റെ മുകളില്‍ ചെല്ലുമോ? അതേ ദക്ഷിണാഫ്രിക്കക്കാരിയായ മുന്‍ ഗോള്‍ഫ് താരം ജോവാനി ലെഫ്‌സണൊപ്പം എവറസ്‌റ്റ് ആരോഹണം നടത്തിയ റുപ്പീ എവറസ്‌റ്റിന് മുകളിലെത്തുന്ന ആദ്യ നായയായി മാറിയിരിക്കുകയാണ്.
വീടില്ലാത്ത നായകളുടെ ദുരിതങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനാണ് ജോവാനി റുപ്പിയെ കൂടി ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. 13 ദിവസം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് ഇരുവരും മുകളിലെത്തിയത്. വിദേശിയാണ് വളര്‍ത്തിയതെങ്കിലും ഇന്ത്യാക്കാരനാണ് റുപ്പീ. ലഡാക്കില്‍ നിന്നുമായിരുന്നു റുപ്പിയെ ജോവാനി കണ്ടെത്തിയത്. നിര്‍ജ്‌ജലീകരണത്തെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ട അവസ്‌ഥയിലായ നായ്‌ക്കുട്ടിയെ ജോവാനി ശുശ്രൂഷിച്ചും പരിചരിച്ചും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. താന്‍ കണ്ടെത്തുമ്പോള്‍ അവന് 100 മീറ്റര്‍ പോലും നടക്കാന്‍ കഴിയാത്ത അവസ്‌ഥയിലായിരുന്നതായി ജോവാനി പറയുന്നു.
നായകുലത്തില്‍ തന്നെ ആര്‍ക്കും ഇതുവരെ പറ്റിയിട്ടില്ലാത്ത ഇക്കാര്യത്തിനായി ഇവനെ പ്രാപ്‌തനാക്കിയത് ലഫ്‌സന്റെ പരിചരണമായിരുന്നു. മഞ്ഞുമൂടിയ സാഹചര്യത്തില്‍ പിറന്നത് കൊണ്ടാകാം ദിവസങ്ങളോളം നീണ്ട പര്‍വതാരോഹണത്തില്‍ ഒരിക്കല്‍ പോലും ഇവന് മടുപ്പില്ലായിരുന്നു. പര്‍വതാരോഹണത്തിനിടയില്‍ പലപ്പോഴും മഞ്ഞില്‍ മറിയുകയായിരുന്നു അവന്‍, മഞ്ഞില്‍ കുളിക്കുകയും കളിക്കുകയും തിന്നുകയും ചിലപ്പോഴൊക്കെ അതില്‍ കിടന്നുറങ്ങുകയും ചെയ്‌തതായി ലെഫ്‌സണ്‍ ഫേസ്‌ബുക്ക് പേജില്‍ കുറിച്ചു.
Post a Comment