{[['']]}
തരംഗമായ്
'ചന്ദ്രലേഖ'
''രാജഹംസമേ മഴവില്‍ കുടിലില്‍''
ചന്ദ്രലേഖ പാടുകയാണ്. ശ്രുതിയിടറാതെ പിഴയ്ക്കാത്ത താളത്തോടെ.'' ചന്ദ്രലേഖയെ അറിയുമോ'' ചമയത്തിലെ രാജഹംസമേ എന്ന ഗാനം പാടി യൂ ട്യൂബില്‍ തരംഗമായ ചന്ദ്രലേഖ. മകനെ ഒക്കത്തുവച്ച് ചന്ദ്രലേഖ പാടിയ പാട്ട് സോഷ്യല്‍ മീഡിയവഴി ചര്‍ച്ചാവിഷയമായതിനു പിന്നാലെ ചന്ദ്ര പിന്നണി ഗാനരംഗത്തേയ്ക്കും കടന്നു. അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഒരു വീട്ടമ്മ തന്റെ ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം പാട്ടുപാടിയാണ് ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നത്. നാലുമിനിട്ടു തികച്ചില്ലാത്ത ഈ ഗാനം യൂ ട്യൂബില്‍ കണ്ടത് ലക്ഷോപലക്ഷം സംഗീതാസ്വാദകര്‍. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഈ ഗാനം ഷെയര്‍ ചെയ്തവരുടെ എണ്ണവും ലക്ഷങ്ങള്‍ വരും.
ചന്ദ്രലേഖ പാടുകയാണ്. ശ്രുതിയിടറാതെ പിഴയ്ക്കാത്ത താളത്തോടെ.'' ചന്ദ്രലേഖയെ അറിയുമോ'' ചമയത്തിലെ രാജഹംസമേ എന്ന ഗാനം പാടി യൂ ട്യൂബില്‍ തരംഗമായ ചന്ദ്രലേഖ. മകനെ ഒക്കത്തുവച്ച് ചന്ദ്രലേഖ പാടിയ പാട്ട് സോഷ്യല്‍ മീഡിയവഴി ചര്‍ച്ചാവിഷയമായതിനു പിന്നാലെ ചന്ദ്ര പിന്നണി ഗാനരംഗത്തേയ്ക്കും കടന്നു. അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന ഒരു വീട്ടമ്മ തന്റെ ജന്മസിദ്ധമായ കഴിവുകൊണ്ടു മാത്രം പാട്ടുപാടിയാണ് ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവര്‍ന്നത്. നാലുമിനിട്ടു തികച്ചില്ലാത്ത ഈ ഗാനം യൂ ട്യൂബില്‍ കണ്ടത് ലക്ഷോപലക്ഷം സംഗീതാസ്വാദകര്‍. ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഈ ഗാനം ഷെയര്‍ ചെയ്തവരുടെ എണ്ണവും ലക്ഷങ്ങള്‍ വരും.
ഫ്‌ളാഷ് ബാക്ക്
അടൂര്‍ പറക്കോടാണ് ചന്ദ്രലേഖ ജനിച്ചുവളര്‍ന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ ജന്മസിദ്ധമായ കഴിവുകൊണ്ട് ചന്ദ്ര മനോഹരമായി പാടിയിരുന്നു. അമ്മയുടെയും സഹോദരങ്ങളുടെയും തണലിലാണ് ചന്ദ്ര വളര്‍ന്നത്. അച്ഛന്റെ മരണശേഷം മുറം നെയ്തും കുട്ട നെയ്തും ഏറെ പ്രാരബ്ധങ്ങള്‍ക്കു നടുവിലാണ് ചന്ദ്രയടക്കമുള്ള കുട്ടികളെ അമ്മ വളര്‍ത്തിയത്. ചന്ദ്രലേഖയുടെ കുടുംബത്തിലെല്ലാവരും പാടാന്‍ കഴിവുള്ളവരാണ്. വളരെ ചെറുപ്പത്തില്‍ത്തന്നെ അതിമനോഹരമായി പാടിയിരുന്ന ചന്ദ്രയുടെ കഴിവ് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. ബന്ധുവീടുകളിലൊക്കെ ചെല്ലുമ്പോള്‍ തന്നെക്കൊണ്ട് പാടിക്കുമായിരുന്നുവെന്ന് ചന്ദ്ര. ഇവരെല്ലാം ചന്ദ്രയുടെ അനുഗൃഹീത ശബ്ദത്തിന്റെ ആരാധകരായിരുന്നു. ചന്ദ്രലേഖയെ സംഗീതപഠനത്തിന് അയയ്ക്കുവാനുള്ള പണമോ സാഹചര്യമോ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ഒരു പക്ഷേ ചന്ദ്രയുടെ അമ്മ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല തന്റെ മകള്‍ ഒരുനാള്‍ പാട്ടിലൂടെ പ്രശസ്തിയുടെ നെറുകയിലെത്തുമെന്ന്.
സംഗീതസാന്ദ്രമായ പഠനകാലം
സ്‌കൂള്‍വേദികളില്‍ പാടിയിരുന്ന ചന്ദ്രയിലെ ഗായികയെ അദ്ധ്യാപകര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. പറക്കോട് എല്‍.പി. സ്‌കൂളിലും, എന്‍.എസ്.എസ്. യു.പി. സ്‌കൂളിലും, പി.ജി.എം. ഗേള്‍സ് ഹൈസ്‌കൂളിലുമാണ് ചന്ദ്രലേഖ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹൈസ്‌കൂളില്‍ പഠിപ്പിച്ച 'അന്നമ്മ' ടീച്ചര്‍ ചന്ദ്രയെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. അടൂര്‍ സെന്റ്. സിറിള്‍സ് കോളജിലാണ് ഡിഗ്രി പഠനം. പി.ജി. പഠനം പാതിവഴിയിലുപേക്ഷിച്ച് സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുകയായിരുന്നു ചന്ദ്ര. സംഗീതകോളജില്‍ പോയി പഠിക്കണമെന്നത് ചന്ദ്രയുടെ വലിയ മോഹമായിരുന്നു. പക്ഷേ ജീവിതസാഹചര്യങ്ങള്‍ അതിന് അനുവദിച്ചില്ല. അതുകൊണ്ട് ചന്ദ്ര തന്റെ സംഗീത സ്വപ്നങ്ങളെ തീണ്ടാപ്പാടകലത്തില്‍ നിര്‍ത്തി. പഠനകാലയളവില്‍ നിരവധി വേദികളില്‍ പാടിയിരുന്നെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. അയിരൂര്‍ സദാശിവത്തിനൊപ്പം ചില ഗാനമേളകളിലും പാടിയിട്ടുണ്ട്. 'റിയാലിറ്റി' തരംഗങ്ങളില്ലാത്ത കാലത്താണ് ചന്ദ്രയിലെ ഗായിക വേദികളില്‍ പാടിയിരുന്നത്. സ്വാഭാവികമായും വലിയ പ്രശസ്തിയോ അംഗീകാരമോ ലഭിച്ചതുമില്ല.
വിവാഹജീവിതത്തിലേക്ക്
പത്തനംതിട്ട, വടശ്ശേരിക്കര പറങ്കിമാംമൂട്ടില്‍ രഘുനാഥാണ് ജീവിതവഴിയില്‍ ചന്ദ്രലേഖയുടെ കൈപിടിച്ചത്. എം.കോം കാരനായ രഘുനാഥ് എല്‍.ഐ.സി. ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരനാണ്. 2006-ലായിരുന്നു വിവാഹം. രഘുനാഥിന്റെ ഭാര്യയായി വലതുകാല്‍ വച്ചു കയറുമ്പോഴും തന്റെ പാട്ടിനെ നിധിപോലെ ഉള്ളില്‍ സൂക്ഷിക്കാന്‍ ചന്ദ്രയ്ക്കു കഴിഞ്ഞു. വിവാഹശേഷം ഭര്‍തൃഗൃഹത്തിലെത്തിയ ചന്ദ്രലേഖ സ്‌നേഹത്തോടെ ഭര്‍ത്താവിനു മുന്‍പില്‍ പാടിയതും 'രാജഹംസമേ' എന്ന ഗാനമാണ്. കെ.എസ്. ചിത്രയുടെ ആരാധികയായ ചന്ദ്രലേഖയുടെ പ്രിയഗാനവും ഇതാണ്. പലപ്പോഴും ചന്ദ്ര തന്റെ പാട്ടിനു ശ്രുതി ചേര്‍ത്തത് ശ്രീഹരിയെന്ന തന്റെ മകനെ ഉറക്കുമ്പോഴാണ്. ഭര്‍തൃവീട്ടുകാര്‍ക്കും ഭര്‍ത്താവിനും ചന്ദ്ര പാടുന്നത് ഒരുപാടിഷ്ടമാണ്. കുമ്പളാംപൊയ്ക, നാരിക്കുഴിക്കുന്നിലെ പാറചെരുവിലെ ചെറിയ വീട്ടില്‍ വൈദ്യുതിയെത്തിയത് ഈ അടുത്തകാലത്താണ്. അതുകൊണ്ടുതന്നെ സ്വന്തമായി ഇ- മെയില്‍ അഡ്രസ്സോ ഫേസ്ബുക്ക് അക്കൗണ്ടോ ചന്ദ്രയ്ക്കില്ല. ചന്ദ്രയുടെ സ്വരമാധുരി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗമായപ്പോഴും ചര്‍ച്ചയായപ്പോഴും അതേക്കുറിച്ച് ചന്ദ്രയ്ക്ക് കൂടുതലറിയില്ലായിരുന്നു.
രഘുനാഥിന്റെ അപ്പച്ചിയുടെ മകന്‍ ദര്‍ശന്റെ നല്ല മനസ്സാണ് 'ചന്ദ്രലേഖ' എന്ന ഗായികയുടെ പിറവിക്കു പിന്നില്‍. കഴിഞ്ഞവര്‍ഷം ഓണത്തിനു പറക്കോട്ടുള്ള ബന്ധുവീട്ടിലെത്തിയ ചന്ദ്രയുടെ ഗാനം മൊബൈലില്‍ പകര്‍ത്തിയത് കാര്‍ട്ടൂണ്‍ ആനിമേറ്ററായ ദര്‍ശനാണ്. കുഞ്ഞിനെ എടുത്തുകൊണ്ടിരിക്കുമ്പോഴും, പ്രാര്‍ത്ഥനപോലെ ചന്ദ്ര പാടിയ പാട്ട് കേട്ട് ദര്‍ശന്‍ പറഞ്ഞത് ''ഒന്നുകില്‍ ചേച്ചി ഇതുകൊണ്ട് രക്ഷപ്പെടുമെന്നാണ്. വീട്ടുവേഷത്തില്‍, കുട്ടിയേയും ഒക്കത്തുവച്ച് പഴയൊരു ചുമരിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന വീട്ടമ്മ വെറുതെ പാടിയ പാട്ടിന്റെ മികവാണ് ആസ്വാദകമനസ്സു കീഴടക്കിയത്. ഏഴാംകടലും കടന്ന് തന്റെ സ്വരമാധുരി ചെന്നെത്തിയെന്ന് ചന്ദ്ര മനസ്സിലാക്കിയത് അവിടുന്നൊക്കെ ഫോണ്‍ വിളികള്‍ തേടിയെത്തിയപ്പോഴാണ്. ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍നിന്നുപോലും ചന്ദ്രയെത്തേടി ഫോണ്‍ വിളികളെത്തി. വിളിക്കുന്നവര്‍ക്ക് ഒക്കെയും ഫോണിലൂടെ ചന്ദ്രയുടെ പാട്ട് കേള്‍ക്കണം. പാടി തളരുന്നതുവരെ ഫോണ്‍ കോളുകള്‍ അറ്റന്റ് ചെയ്തിരുന്നു ചന്ദ്ര.
ആദ്യ റെക്കോര്‍ഡിംഗ്
സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ ചന്ദ്രലേഖ ചര്‍ച്ചയായതോടെ സിനിമയില്‍ നിന്ന് നിരവധി ഓഫറുകള്‍ തേടിയെത്തി. ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിംഗിനായി എറണാകുളം ഫ്രെഡി സ്റ്റുഡിയോയില്‍ എത്തുമ്പോള്‍ ചന്ദ്രയ്‌ക്കൊപ്പം ഭര്‍ത്താവ് രഘുനാഥും മകന്‍ ശ്രീഹരിയും സഹോദരന്‍ ദര്‍ശനുമുണ്ടായിരുന്നു. അമ്പരപ്പോടെയാണ് സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കയറിയതെങ്കിലും തുടക്കക്കാരിയുടെ പതര്‍ച്ചകളില്ലാതെ പാടാന്‍ കഴിഞ്ഞു. മിലന്‍ ജലീല്‍ നിര്‍മ്മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്‌റ്റോറി' എന്ന സിനിമയ്ക്കു വേണ്ടി 'കണ്‍കളാലൊരു' എന്ന ഗാനമാണ് ചന്ദ്ര ആലപിച്ചത്. ഡേവിഡ്‌ഷോണ്‍ ആണ് സംഗീതസംവിധായകന്‍. ചന്ദ്രയുടെ നാട്ടുകാരനാണ് ഡേവിഡ്‌ഷോണ്‍. അദ്ദേഹം പാടേണ്ട രീതി വളരെ കൃത്യമായി പറഞ്ഞു തന്നതുകൊണ്ട് ഭയമില്ലാതെ പാടാന്‍ കഴിഞ്ഞു.
ശ്രേയാഘോഷാല്‍ പാടാനിരുന്ന പാട്ടാണ് ചന്ദ്രലേഖയെക്കൊണ്ട് ഡേവിഡ്‌ഷോണ്‍ പാടിപ്പിച്ചത്. പ്രശസ്ത ഗായകന്‍ ഹരിഹരന്റെ ശബ്ദത്തിനൊപ്പമാണ് സംഗീതപ്രേമികള്‍ ചന്ദ്രയുടെ ശബ്ദം ഇനി കേള്‍ക്കുക. ആദ്യ ഗാനത്തിന്റെ റെക്കോര്‍ഡിംഗ് വേളയില്‍ സംവിധായകന്‍ സിബിമലയിലിനെ കണ്ട് താന്‍ അമ്പരന്നുപോയെന്ന് ചന്ദ്ര. അകലെനിന്ന് ആരാധനയോടെ താന്‍ കണ്ടിരുന്ന മഹാപ്രതിഭ ഇതാ ആദരവ് വഴിയുന്ന മുഖഭാവവുമായി തനിക്ക് അരികെ.
ഓഫറുകള്‍
അടുത്ത രണ്ടു സിനിമകളിലേക്കുകൂടി ക്ഷണമുണ്ട്. അതിലൊന്ന് തമിഴ്‌നടന്‍ ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന സിനിമയാണ്. ത്യാഗരാജന്റെ മകനും നടനുമായ പ്രശാന്താണ് ചന്ദ്രലേഖയുടെ യൂ ട്യൂബിലെ ഗാനം അച്ഛന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഒരു സുഹൃത്തിനെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹം ചന്ദ്രലേഖയെ നേരില്‍ക്കണ്ട് അനുഗ്രഹിച്ചു. അദ്ദേഹത്തെയും അടുത്തു കണ്ടതിന്റെ അമ്പരപ്പിലാണ് ചന്ദ്രലേഖ. ഈസ്റ്റ്‌കോസ്റ്റ് വിജയന്റെ ആല്‍ബത്തിലേക്കും പാടാന്‍ ക്ഷണമുണ്ട്.
ഏറെ സന്തോഷിച്ച നിമിഷം
ഈ മാസ്മരികശബ്ദം ഫോണിലൂടെയെങ്കിലുമൊന്ന് കേള്‍ക്കാന്‍ ആയിരങ്ങളാണ് വിളിക്കുന്നത്. സിനിമയില്‍നിന്ന് സുരേഷ്‌ഗോപി, കെ.എസ്. ചിത്ര, കലാഭവന്‍മണി തുടങ്ങിയ പ്രശസ്തര്‍ ഭയങ്കരമായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിളിക്കുന്നു. ചിത്രച്ചേച്ചിയെ ഉടന്‍ കാണാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് ചന്ദ്രലേഖ. ഇതിനിടെ വിദേശമാദ്ധ്യമത്തില്‍ നിന്ന് ഒരു പത്രപ്രവര്‍ത്തകന്‍ ചന്ദ്രയെത്തേടി കൊച്ചിയിലെത്തി. അടുത്തിടെ അമേരിക്കയില്‍ നിന്നൊരു ഭാര്യയും ഭര്‍ത്താവും വിളിച്ചിട്ട് പാട്ടുകേട്ട് ഒരുപാടിഷ്ടമായെന്ന് പറഞ്ഞു കരഞ്ഞു. ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ചന്ദ്രലേഖ പറഞ്ഞു.
ചന്ദ്രലേഖയുടെ നാട്ടില്‍ ഉത്സവപ്രതീതിയാണ്. ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ത്ഥനകളുമായി കൂടെയുണ്ട്. ഒരാഴ്ചകൊണ്ട് പ്രശസ്തിയുടെ പടവുകളിലേക്കുയര്‍ന്ന ചന്ദ്രലേഖ അവര്‍ക്കും ഒരു വിസ്മയമാവുന്നു. ഒരുപാട് കഴിവുകള്‍ ഉള്ളില്‍ ഒളിപ്പിച്ച് അവസരങ്ങള്‍ ലഭിക്കാതെ ഒതുങ്ങിക്കൂടുന്ന സ്ത്രീകള്‍ക്ക് തന്റെ അനുഭവം ഒരു പ്രചോദനമാവട്ടെ എന്നാണ് ചന്ദ്രലേഖയുടെ പ്രതീക്ഷ.
Post a Comment