Movie :

kerala home tv show and news

Home » , » ഭാര്യമാര്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു?

ഭാര്യമാര്‍ എന്തുകൊണ്ട് ഒളിച്ചോടുന്നു?

{[['']]}
Kerala tv show and newsmangalam malayalam online newspaper''കേരളത്തിലെ പ്രശസ്തനായ ഒരു അഭിഭാഷകന്‍. നിരവധി ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. തിരക്കുകള്‍ കാരണം വേണ്ടവിധം കുടുംബത്തെ ശ്രദ്ധിക്കാനോ അവരുടെ ഒപ്പം സമയം ചെലവിടാനോ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പ്രതീക്ഷിച്ചതുപോലെ എപ്പോഴും ഭര്‍ത്താവിന്റെ സാമീപ്യവും സ്‌നേഹവും ലഭിച്ചിരുന്നില്ല.
ഒരു ദിവസം നാല്പത്തഞ്ചു വയസ്സുള്ള വക്കീലിന്റെ ഭാര്യ മുപ്പത്തഞ്ചു വയസ്സുള്ള അദ്ദേഹത്തിന്റെ ജൂനിയര്‍ വക്കീലിന്റെ ഒപ്പം നാടുവിട്ടു. സംഭവം കാട്ടുതീപോലെ പടര്‍ന്നു. പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന വക്കീലിനു വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഒടുവില്‍ സുഹൃത്തുക്കള്‍ വക്കീലിനെ എന്റെ അടുത്തെത്തിക്കുമ്പോള്‍ അയാള്‍ വിഷാദ രോഗിയായിരുന്നു.''
സൈക്കോളജിസ്റ്റ് ഡോ. യു.വിവേക് തന്റെ കേസ് ഡയറി തുറക്കുന്നു.
''ഇവിടെ ആരാണ് തെറ്റുചെയ്തത്?. ഭാര്യയ്ക്ക് അവര്‍ ആഗ്രഹിച്ചിരുന്ന പരിഗണനയും സ്‌നേഹവും നല്‍കിയിരുന്നെങ്കില്‍ അവര്‍ മറ്റൊരാളുടെ ഒപ്പം പോകുമായിരുന്നോ? ജോലിക്ക് അമിതപ്രാധാന്യം നല്‍കുന്നവര്‍ പലപ്പോഴും ഒഴിവാക്കി നിര്‍ത്തുന്നത് കുടുംബത്തെയാണ്. ഓഫീസിലെ ടെന്‍ഷനുമായാണ് പലരും വീട്ടിലെത്തുന്നത്. പിന്നെ എങ്ങനെ മനസ്സുതുറന്നു പരസ്പരം സംസാരിക്കാന്‍ കഴിയും? സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണം എന്നു പോലും അവര്‍ക്കറിയാതെ പോകുന്നു. അവരുടെ മനസ്സിനെ മദിക്കുന്നത് ജോലിയിലെ ടെന്‍ഷനാണ്. ലൈംഗികബന്ധം പോലും ഇവരുടെ ഇടയില്‍ ഇല്ലാതെയാകുന്നു. ഓഫീസിലെ ടെന്‍ഷനുകള്‍ ഗേറ്റിനു പുറത്തു കളഞ്ഞിട്ട് ഒരു പുഞ്ചിരിയോടെ അകത്തേക്ക് ചെന്നാല്‍ അവര്‍ക്ക് എന്തു സന്തോഷമാകും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകണം. ഭാര്യയുമായും കുട്ടികളുമായും ചെലവഴിക്കേണ്ട സമയം അവര്‍ക്കായി മാത്രം നല്‍കണം.''

മദ്യപാനം, പുകവലി... പിന്നെ നീലച്ചിത്രവും

ജാനകിയമ്മയ്ക്ക് 75 വയസ്സുണ്ട്. മക്കളെല്ലാം വിവാഹിതരാണ്. ജാനകിയമ്മയും ഭര്‍ത്താവ് രാഘവന്‍ നായരും മാത്രമാണ് താമസം. മക്കള്‍ വല്ലപ്പോഴുമാണ് കാണാനെത്തിയിരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മ ആശുപത്രിയിലാണെന്നറിഞ്ഞ മക്കള്‍ ഞെട്ടി. അപ്പോഴാണ് അച്ഛന്റെ അമിത മദ്യപാനവും നാല്പതു വര്‍ഷമായി അമ്മ അനുഭവിച്ചിരുന്ന മാനസിക ശാരീരിക പീഡനവും മക്കള്‍ അറിയുന്നത്. ഒടുവില്‍ മക്കള്‍ ഇടപെട്ട് അച്ഛനെ ഡീ അഡിക്ഷന്‍ സെന്ററില്‍ കൊണ്ടു പോയി. കൗണ്‍സിലിംഗിനും ചികിത്സയ്ക്കും ശേഷമാണ് ജാനകിയമ്മ ജീവിതത്തിലേക്ക് തിരികെ വന്നത്.
ജാനകിയമ്മയുടെ സഹനശക്തി എല്ലാവരിലും ഉണ്ടാകണമെന്നില്ല. മദ്യപിച്ചെത്തുന്ന ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്ക് കിട്ടുന്നതോ ചവിട്ടും തൊഴിയും അസഭ്യവാക്കുകളും മാത്രമാണ്. മാത്രമല്ല കുടുംബത്തിന്റെയും കുട്ടികളുടെ പഠനചെലവും ചുമതല ഇവര്‍ ഭാര്യമാര്‍ക്ക് വിട്ടുകൊടുക്കുന്നു.
നാല്പത്തഞ്ചു വയസ്സുള്ള കല്‍പണിക്കാരനാണ് രവി. ആദ്യമൊക്കെ രവി കുടിക്കുമ്പോള്‍ ഭാര്യ ഗീത എതിര്‍ത്തിരുന്നില്ല. അദ്ധ്വാനിക്കുന്ന ഭര്‍ത്താവല്ലേ അല്‍പം കുടിച്ചോട്ടെ എന്നു കരുതും. ഒടുവില്‍ ജോലിക്കു പോലും പോകാതെ കുടി തുടങ്ങി. മറ്റു വീടുകളില്‍ വീട്ടുജോലി ചെയ്തു കുടുംബം നോക്കേണ്ട അവസ്ഥയായി. മാത്രമല്ല ജോലിക്കു പോകുന്ന വീട്ടിലെ പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടെന്നു പറഞ്ഞു ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഒടുവില്‍ ഗീതയ്ക്ക് ജോലിക്കു പോകാന്‍ കഴിയാത്ത സ്ഥിതിയായി. സംശയരോഗത്തിനടിമയായ ഭര്‍ത്താവിനെയും കൊണ്ട് എന്നെ കാണാന്‍ എത്തിയ ആ വീട്ടമ്മ എന്റെ മുന്‍പില്‍ ഇരുന്ന് പൊട്ടിക്കരഞ്ഞു.
മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരുള്ള വീടുകളില്‍ പലപ്പോഴും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നത് ഭാര്യയായിരിക്കും. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനച്ചെലവും തനിയെ വഹിക്കേണ്ട അവസ്ഥ. ഇങ്ങനെ ഭാരങ്ങള്‍ ഒറ്റയ്ക്കു ചുമലിലേറ്റേണ്ടതുണ്ടോ? ഇത്തരം സാഹചര്യങ്ങളില്‍ നരകയാതന അനുഭവിക്കുന്ന എത്രയോ സ്ത്രീജന്മങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇവരെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഇവര്‍ നിയമ സഹായം തേടാന്‍ മടിക്കുന്നത് എന്തിനാണ്? പല സ്ത്രീകളും ഇന്ന് കുടുംബവും കുട്ടികളെയും ഉപേക്ഷിച്ച് ഒളിച്ചോടുന്നത് ഇത്തരം സാഹചര്യങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണോ?

അത് നീയോ?

മൊബൈല്‍ ഫോണും ഇന്റെര്‍നെറ്റും സോഷ്യല്‍ നെറ്റുവര്‍ക്കുകളും ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളുമുള്ള മൊബൈല്‍ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. അതുകൊണ്ട് വിരല്‍ത്തുമ്പില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു. നീലച്ചിത്രം കണ്ട് അതുപോലെ സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയ്ക്ക് ലൈംഗിക ശേഷിക്കുറവാണെന്നു വിമര്‍ശിക്കുന്ന ഭര്‍ത്താക്കന്മാരാണ് നമ്മുടെ നാട്ടിലുള്ളത്. നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ സ്വബോധത്തോടെയായിരിക്കില്ല പലതും ചെയ്യുന്നത്. പങ്കാളികള്‍ക്ക് ആസ്വാദ്യമാകുന്ന വിധം സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ അത് പൂര്‍ണതയില്‍ എത്തൂ.
സ്ഥിരമായി നീലച്ചിത്രം കാണുന്നയാളായിരുന്നു ഗോപന്‍. ആ ദൂശീലം അയാളുടെ ജീവിതത്തെ തകര്‍ത്തു. അവസാനം മാനസിക രോഗിയായി മാറുകയും ചെയ്തു. ഒരു ദിവസം ഗോപന്‍ കൂട്ടുകാരുമൊത്ത് മൊബൈല്‍ഫോണില്‍ നീലച്ചിത്രം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു.
''ഡാ ആ പെണ്ണിനെ കണ്ടാല്‍ നിന്റെ ഭാര്യയെ പോലെയില്ലേ?'' അന്നു മുതല്‍ ഗോപനു ഭാര്യയെ സംശയമായി. ആ സ്ത്രീയുമായി യാതൊരു സാമ്യവുമില്ലാത്ത പെണ്ണായിരുന്നു അതില്‍ അഭിനയിച്ചത്. ഒരു തെറ്റും ചെയ്യാത്ത അയാളുടെ ഭാര്യ ഇതിന്റെ പേരില്‍ തല്ലു കൊള്ളുന്നതു പതിവായി. ഈ സംശയം അയാളെ ഭ്രാന്തമായ അവസ്ഥയിലേക്ക് എത്തിക്കുകയായിരുന്നു.
മദ്യപാനമോ പുകവലിയോ നീലച്ചിത്രം കാണലോ ഭര്‍ത്താവ് ശീലമാക്കിയാല്‍ ഭാര്യ അതിനെ എതിര്‍ക്കണം. അദ്ധ്വാനിക്കുന്നയാളല്ലേ ഇത്തിരി കുടിച്ചോട്ടെ എന്നു ചിന്തിച്ചു എതിര്‍ക്കാതിരുന്നാല്‍ പിന്നീട് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വളരെ വലിയതാണ്.
 ''ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം നാടുവിടുന്ന സ്ത്രീകള്‍ അവരുടെ മക്കളെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ല. നാളെ അവര്‍ സമൂഹത്തിന്റെ മുമ്പില്‍ പരിഹാസപാത്രമാകുകയാണെന്ന് ഒരു നിമിഷം ഓര്‍ത്തിരുന്നെങ്കില്‍..''
തൃശൂര്‍ ബാര്‍ അസോസയേഷനിലെ അഡ്വ. സെലിന്‍ ചാക്കോ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതിങ്ങനെ. കോടതിയുടെ മുമ്പിലെത്തിയ ചില സംഭവങ്ങളും അതിന്റെ കാരണങ്ങളും അഡ്വ. സെലിന്‍ ചാക്കോയും അഡ്വ.ജേക്കബും ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലെ പ്രമുഖനായ വ്യവസായി. അയാളുടെ പരസ്ത്രീബന്ധം പരസ്യമായ രഹസ്യമാണ്. അതറിഞ്ഞു കൊണ്ടാണ് സുമ അയാളുടെ ജീവിതപങ്കാളിയാകുന്നത്. അയാളുടെ പണത്തില്‍ കണ്ണുവച്ചാണ് അവളുടെ വീട്ടുകാര്‍ ഈ വിവാഹത്തിനു സമ്മതിച്ചത്. എന്നാല്‍ പണവും അധികാരവും കിട്ടിക്കഴിഞ്ഞപ്പോള്‍ സുമയുടെ ചിന്താഗതിക്കും മാറ്റം വന്നു. അവള്‍ ഭര്‍ത്താവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി അടുപ്പത്തിലായി. അവസാനം സെക്രട്ടറിയും സുമയും ചേര്‍ന്ന് ഡൈവോഴ്‌സും അതിനൊപ്പം സ്വത്തിന്റെ പകുതിയും ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ വിധി അയാള്‍ക്ക് അനുകൂലമാവുകയും അവര്‍ക്ക് വീട് വിട്ട് ഇറങ്ങേണ്ട അവസ്ഥയുമായി. അയാള്‍ക്ക് വഴിവിട്ട ബന്ധം ഉണ്ടായിരുന്നെങ്കിലും ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കേണ്ട പരിഗണനയും സ്‌നേഹവും അയാള്‍ നല്‍കിയിരുന്നു.
അയാളോട് പ്രതികാരം ചെയ്യാതെ നേര്‍വഴിക്കു നയിക്കുകയായിരുന്നു ചെയ്യേണ്ടത്. ഇവര്‍ക്ക് രണ്ടു പെണ്‍കുട്ടികളാണ്. മൂത്തയാള്‍ കോളജില്‍ പോയി തുടങ്ങിയപ്പോള്‍ മുതല്‍ ബോയ്ഫ്രണ്ട്‌സുമായി കറക്കവും തോന്നിയപോലുള്ള ജീവിതവുമാണ്. സുമയ്ക്ക് അവരെ തിരുത്താന്‍ കഴിയില്ല. കാരണം അവരുടെ മുന്‍പില്‍ തങ്ങളുടെ അച്ഛനെ ഉപേക്ഷിച്ച് മറ്റൊരാളുമായി ജീവിതം ആഘോഷിക്കുന്ന ആളാണ് അമ്മ.ആ അമ്മയ്ക്ക് എങ്ങനെ മക്കളെ തിരുത്താന്‍ കഴിയും?
ഭര്‍ത്താവിനെ ഉപേക്ഷിച്ച് പന്ത്രണ്ടു വയസ്സുകാരിയായ മകളോടൊപ്പം വീടുവിട്ട് ഇറങ്ങിയപ്പോള്‍ തുണയായി നിന്ന ആള്‍ തന്റെ മകളുടെ ജീവിതം നശിപ്പിക്കുമെന്ന് സതി സ്വപ്നത്തില്‍ പോലും കരുതിയില്ല. അച്ഛനെേപ്പാലെ അവളെ സ്‌നേഹിക്കുമെന്ന് കരുതിയ ആള്‍ ലൈംഗിക ആവശ്യത്തിനായി അവളെ ഉപയോഗിക്കുന്നത് കണ്‍മുമ്പില്‍ കാണേണ്ടി വരുന്നു.
അയാള്‍ അവളെ തന്റെ ആവശ്യത്തിനു വേണ്ടിയുള്ള മറ്റൊരു പെണ്ണായിട്ടാണ് കണ്ടത്.

ഭര്‍ത്താവ് വിദേശത്താണോ?

ഭര്‍ത്താക്കന്മാരിവിടെ ഇല്ലാത്തതുകൊണ്ട് അവരുടെ ഭാര്യമാര്‍ക്ക് ഉണ്ടാകുന്ന ഏകാന്തത മുതലാക്കുന്ന വിരുതന്മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അതു മാത്രമല്ല, അവിടെയുള്ള ഭര്‍ത്താക്കന്മാര്‍ ഭാര്യയുമായി അകന്നു കഴിയുന്നതു കൊണ്ട് അശ്ലീലം കലര്‍ന്ന മെസേജുകള്‍ അയക്കുന്നത് താല്‍ക്കാലിക ലൈംഗികസംതൃപ്തി കണ്ടെത്തുന്നവരുമാണ്.
ഗള്‍ഫില്‍ ഭര്‍ത്താക്കന്മാരുള്ള ചേച്ചിമാരെ തേടിപ്പിടിച്ച് വലയിലാക്കുന്ന വിരുതന്മാരുടെ കുരുക്കുകളില്‍ കുരുങ്ങുന്ന നിരവധി സ്ത്രീകളുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഗള്‍ഫില്‍ ജോലിക്ക് പോയതില്‍ പിന്നെ ഭര്‍ത്താവിന് സ്‌നേഹം ഇല്ല, എന്റെ കാര്യം നോക്കുന്നില്ല എന്നു പറഞ്ഞ് മറ്റുള്ളവന്റെ കൂടെ ഒളിച്ചോടുന്നവരും കുറവല്ല, നമ്മുടെ നാട്ടില്‍. ഗള്‍ഫില്‍ പോയി ചോര നീരാക്കി പണിയെടുക്കുന്നവര്‍ പലപ്പോഴും ഇതൊന്നും അറിയുന്നുണ്ടാകുന്നില്ല.
പൊതുവെ നമ്മള്‍ കരുതും ഇത്തരം സംഭവങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നടക്കില്ലെന്ന്. അവിടെ അരങ്ങേറുന്ന ചില സംഭവങ്ങള്‍ കേട്ടാല്‍ നമ്മളും മൂക്കത്തു വിരല്‍ വയ്ക്കും. വര്‍ഷങ്ങളായി സാലിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് ഒരു മകനേയുള്ളൂ. മകന്‍ കൂട്ടുകാരുമായി അവന്റെ മാത്രമായ ലോകത്താണ്. കോളജും സുഹൃത്തുക്കളുമാണ് അവെന്റ ലോകം. അമ്മയെ അവന്‍ ശ്രദ്ധിച്ചിരുന്നില്ല. അമ്മ തന്നിച്ചാകും എന്ന കരുതല്‍ അവനില്ലായിരുന്നു. തന്നോടൊപ്പം വീട്ടില്‍ വന്നിരുന്ന കൂട്ടുകാരനുമായി അമ്മയ്ക്ക് അടുപ്പമുണ്ടായത് ഈ മകന്‍ അറിഞ്ഞില്ല. കൂട്ടുകാരനോടൊപ്പം അമ്മ ഒളിച്ചോടിയപ്പോഴും അവനത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ അതായിരുന്നു സത്യം.
സ്ത്രീ എപ്പോഴും ഒരാശ്രയം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനോട് സാമ്യമുള്ള മറ്റൊരു സംഭവം. ഭാര്യയെ വിശ്വസിച്ച് പണം അയച്ചുകൊടുത്തിരുന്ന ഭര്‍ത്താവ്. ഒന്നിന്റേയും കണക്ക് അയാള്‍ ഭാര്യയോട് ചോദിച്ചിരുന്നില്ല. അത്രയ്ക്ക് വിശ്വാസമായിരുന്നു. എന്നാല്‍ അയച്ചുകൊടുത്തിരുന്ന പണമെല്ലാം ഭാര്യ കൊടുത്തിരുന്നത് മറ്റൊരു ചെറുപ്പക്കാരനാണ്. ഒടുവില്‍ ഭര്‍ത്താവ് നാട്ടില്‍ വരാറായപ്പോള്‍ അവള്‍ക്കാകെ പേടിയായി. പണമെവിടെ എന്നു ചോദിച്ചാല്‍ എവിടെ നിന്നു തിരിച്ചു കൊടുക്കും? അവസാനം അവള്‍ കണ്ടെത്തിയ പോംവഴി പണം കൊടുത്ത ചെറുപ്പക്കാരനോടൊപ്പം ഒളിച്ചോടുക എന്നതായിരുന്നു. അങ്ങനെ അവര്‍ രണ്ടുപേരും നാട്ടുവിട്ടു. കൊണ്ടുപോയ പണവും സ്വര്‍ണ്ണവും തീരുന്നതുവരെ ജീവിതം സ്വര്‍ഗമായിരുന്നു. പണം തീര്‍ന്നപ്പോള്‍ അവളെ അവിടെ ഉപേക്ഷിച്ച് അവന്‍ കടന്നുകളഞ്ഞു. നാട്ടിലെത്തിയ ഭര്‍ത്താവ് ആദ്യം ഞെട്ടിയെങ്കിലും ഭാര്യയുടെ ഇപ്പോഴുള്ള അവസ്ഥ അറിഞ്ഞ് അവരെ തിരികെ കൂട്ടിക്കൊണ്ടുവന്നു. എല്ലാവരും അയാളെ ചീത്തവിളിച്ചു.
''തെറ്റു മനസ്സിലാക്കിയാണ് അവള്‍ വന്നത്. മാത്രമല്ല എന്റെ കുഞ്ഞുങ്ങളുടെ അമ്മ അവരുടെ ഒപ്പം വേണമെന്ന് ഞാനാഗ്രഹിക്കുന്നു. അവരുടെ വിവാഹസമയത്ത് അമ്മയെന്നു ചൂണ്ടിക്കാണിക്കാന്‍ അവളിവിടെ വേണം. അന്ന് അമ്മ എവിടെ എന്നു ചോദിക്കുമ്പോള്‍ അമ്മ ഓടിപ്പോയി എന്നു പറയാന്‍ ഞാനിഷ്ടപ്പെടുന്നില്ല.''
എല്ലാവരും ഇങ്ങനെയാകണമെന്നില്ല. ക്ഷമിക്കാനും ഇങ്ങനെ ചിന്തിക്കാനും ഉള്ള മനസ്ഥിതി ചുരുക്കം ചിലരിലേ കാണൂ. ഗള്‍ഫില്‍ നിന്ന് പണം അയച്ചു കൊടുക്കുമ്പോള്‍ അത് എങ്ങനെ ചെലവഴിക്കുന്നു എന്നു ചോദിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ? പണവും സ്വര്‍ണ്ണവും ആഗ്രഹിച്ചുവന്നവന്‍ അത് കിട്ടാതെ വരുമ്പോള്‍ ബന്ധത്തില്‍ നിന്ന് തനിയെ പിന്‍മാറും. മണലാരണ്യത്തില്‍ കിടന്ന് ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കുന്നതല്ലേ. അത് വെറുതെ കളയേണ്ട കാര്യമുണ്ടോ? അയാള്‍ തന്നേക്കാള്‍ അധികമായി ഭാര്യയെ വിശ്വസിച്ചു. പരസ്പരം വിശ്വാസം വേണം. എന്നാല്‍ അന്ധമായ വിശ്വാസം നന്നല്ല.

പ്രണയവിവാഹങ്ങള്‍

വളരെ വര്‍ഷങ്ങളായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികള്‍ പോലും ഒളിച്ചോടുന്നതും ഡൈവോഴ്‌സിലേക്ക് എത്തുകയും ചെയ്യുന്നതും എന്തുകൊണ്ടാണ്?
പ്രണയിക്കുമ്പോള്‍ പരസ്പരം നല്ല ഗുണങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ വിവാഹശേഷം പ്രണയകാലത്തുണ്ടാകുന്ന വിട്ടുവീഴ്ച പിന്നീട് ഉണ്ടാകണമെന്നില്ല. ജീവിതം തുടങ്ങുമ്പോള്‍ നെഗറ്റീവ് വശങ്ങള്‍ മാത്രമേ കാണൂ. അന്നു മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു.
കുടുംബജീവിതം തന്നെ പരസ്പരമുള്ള വിട്ടുവീഴ്ചയാണ്. അഹംഭാവം ഉണ്ടായാല്‍ ജീവിതം ഇല്ലാതെയാകും. പ്രണയവിവാഹമാകുമ്പോള്‍ പരസ്പരം മനസ്സിലാക്കാനും ഇഴുകിച്ചേരാനും മറ്റുള്ളവരേക്കാള്‍ അധികമായി സാധിക്കും. ഇവര്‍ അന്യോന്യം മനസ്സിലാക്കുന്നില്ലെങ്കില്‍ ഇന്നലെ കണ്ടുമുട്ടി നാളെ വിവാഹിതരാകുന്നവര്‍ എത്രത്തോളം മനസ്സിലാക്കും.

ദാമ്പത്യവും ലൈംഗികതയും

ദാമ്പത്യജീവിതത്തിലെ അനിവാര്യമായ ഘടകമാണ് ലൈംഗികത. ബന്ധങ്ങള്‍ ഇഴചേരുന്നതിന് അത് പ്രധാനപങ്കുവഹിക്കുന്നു. ലൈംഗികബന്ധം വിജയിക്കാത്തതും ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകും.ഡോ. വിവേകിന്റെ വാക്കുകളിലൂടെ...
ലൈംഗിക ബന്ധം പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുമായാണ് മുപ്പത്തിയാറുവയസ്സുള്ള ലതയും ഭര്‍ത്താവും എന്നെ കാണാന്‍ വരുന്നത്. ബന്ധപ്പെടുന്ന സമയത്ത് ലതയ്ക്ക് ശരീരം വലിഞ്ഞു മുറുകുന്നതുപോലെ തോന്നും. അപ്പോള്‍ സെക്‌സ് പൂര്‍ത്തീകരിക്കാനാവാതെ വരുന്നു. ലൈംഗികശേഷിയില്ലാത്തതാണ് ഇതിന് കാരണമെന്ന് അവര്‍ കരുതിയിരുന്നത്. കൗണ്‍സിലിംഗ് സമയത്താണ് ലതയെ ചെറുപ്പകാലത്ത് ആരോ പീഡിപ്പിച്ചതായി പറയുന്നത്. ആ പേടി മനസ്സില്‍ കിടക്കുന്നതുകൊണ്ടാണ് ബന്ധപ്പെടുപ്പോള്‍ ശരീരം വലിഞ്ഞു മുറുകുന്നതായി അനുഭവപ്പെടുന്നത്. ചികിത്സയ്ക്കുശേഷം ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഇത്തരം മാനസിക പ്രശ്‌നങ്ങളും ലൈംഗികജീവിതത്തെ ബാധിക്കും.
കുടുംബജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ലൈംഗികത. സെക്‌സിലെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എങ്ങനെ ആസ്വദിക്കാന്‍ കഴിയും. പങ്കാളിയില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയില്‍ പരസ്പര വിശ്വാസവും സ്‌നേഹം ഉണ്ടായിരിക്കണം.
കേരളത്തിലെ ദാമ്പത്യത്തകര്‍ച്ചയുടെ കാരണങ്ങള്‍ ഇതു മാത്രമാണെന്ന് കരുതുന്നില്ല. രണ്ടു വ്യക്തികളുടെ പരസ്പരധാരണയാണ് കുടുംബജീവിതം. പങ്കാളിയെ സുഹൃത്തായി കാണാനും പരസ്പരം അറിയാനും അറിഞ്ഞ് ഇടപഴകാനും കഴിഞ്ഞാല്‍ കുടുംബജീവിതം സ്ഫടികം പോലെ തിളക്കമാര്‍ന്നതാകും.

 

Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger