{[['']]}
കൊച്ചി: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇത്തവണ ആറ് മലയാളികള്‍ സ്ഥാനം പിടിച്ചു. എം.എ. യൂസഫലി (ലുലു ഗ്രൂപ്പ്), സണ്ണി വര്‍ക്കി (ജെംസ്), രവി പിള്ള (ആര്‍പി ഗ്രൂപ്പ്), ക്രിസ് ഗോപാലകൃഷ്ണന്‍ (ഇന്‍ഫോസിസ്) , പി.എന്‍.സി. മേനോന്‍ (ശോഭാ ഗ്രൂപ്പ്) , ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജ്വല്ലേഴ്‌സ്) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചത്.
180 കോടി ഡോളറിന്റെ (ഏതാണ്ട് 11,250 കോടി രൂപ) ആസ്തിയുമായി യൂസഫലി, സണ്ണി വര്‍ക്കി, രവി പിള്ള എന്നിവര്‍ 988-ാം സ്ഥാനം പങ്കിട്ടു. ഇവര്‍ മാത്രമാണ് ആദ്യ 1000 സ്ഥാനങ്ങളില്‍ ഇടം നേടിയ മലയാളികള്‍. 150 കോടി ഡോളര്‍ (ഏതാണ്ട് 9,375 കോടി രൂപ) ആസ്തിയുമായി ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 1154-ാം സ്ഥാനത്തെത്തി. 1465-ാം സ്ഥാനത്താണ് പി.എന്‍.സി. മേനോന്‍. 110 കോടി ഡോളര്‍ (ഏതാണ്ട് 6875 കോടി രൂപ) ആസ്തിയുള്ള അദ്ദേഹം ഒമാനില്‍ നിന്നാണ് പട്ടികയില്‍ ഇടം നേടിയത്. 1565-ാം സ്ഥാനത്തുള്ള ടി. എസ്. കല്യാണരാമന്റെ ആസ്തി 100 കോടി ഡോളറാണ് (ഏതാണ്ട് 6,250 കോടി രൂപ).
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് ഇത്തവണ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍. 7, 600 കോടി ഡോളറാണ് (ഏതാണ്ട് 4.75 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. മെക്‌സിക്കന്‍ വ്യവസായി കാര്‍ലോസ് സ്ലിം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 7,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒറ്റ വര്‍ഷം കൊണ്ട് ഏറ്റവുമധികം സമ്പത്ത് വളര്‍ത്തിയവരില്‍ മുന്നിലെത്തി. 1,520 കോടി ഡോളറിന്റെ വര്‍ധനയുമായി ഇദ്ദേഹത്തിന്റെ ആസ്തി 2,850 കോടി ഡോളറായി. ഏറ്റവും പ്രായം കുറഞ്ഞ അതി സമ്പന്നരില്‍ രണ്ടാം സ്ഥാനവും ഈ 29-കാരന്‍ കൈവരിച്ചു.
ഇന്ത്യക്കാരില്‍ ഏറ്റവുമധികം സമ്പത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കാണ്. 1860 കോടി ഡോളര്‍ ആസ്തിയുള്ള (ഏതാണ്ട് 1.16 ലക്ഷം കോടി രൂപ) അദ്ദേഹം പട്ടികയില്‍ 40-ാം സ്ഥാനത്താണ്. ആഴ്‌സലര്‍ മിത്തല്‍ സ്റ്റീല്‍ കമ്പനിയുടെ ഉടമ ലക്ഷ്മി മിത്തലാണ് സമ്പന്നരായ ഇന്ത്യക്കാരില്‍ രണ്ടാമത്. 1670 കോടി ഡോളര്‍ (1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി പട്ടികയില്‍ 52-ാം സ്ഥാനം നേടി. വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി 1530 കോടി ഡോളര്‍ (ഏതാണ്ട് 95,625 കോടി രൂപ) ആസ്തിയുമായി 61-ാം സ്ഥാനത്തെത്തി. ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം.
Post a Comment