{[['']]}
അമേരിക്കയിലെ ഇല്ലിനോയിസിലെ ലോക്പോര്‍ട്ടിലുള്ള അങ്കിള്‍ റിച്ചീസ് ബാറിലാണ് കടുവയുമായി ഒരാള്‍ എത്തിയത്. മൃഗങ്ങള്‍ക്കുള്ള പുനരധിവാസ കേന്ദ്രം നടത്തുന്ന ജോണ്‍ ബെയ്സിലിയാണ് തന്റെ കടുവക്കുഞ്ഞുമായി ബാറില്‍ ചെന്നത്. ബാറിലെ സമാധാനാന്തരീക്ഷം തകര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ഇന്നലെ കേസ് എടുത്തു. അപകടകാരിയായ വന്യ ജീവിയെ പോറ്റുന്നതിനാണ് കേസ്. മറ്റ് കേസുകളും ഇയാള്‍ക്കെതിരെ ചുമത്തുന്ന കാര്യം ആലോചനയിലാണെന്ന് പൊലീസ് പറഞ്ഞു.
ഇല്ലിനോയിസില്‍ ബിഗ് റണ്‍ വോള്‍ഫ് റാഞ്ച് എന്ന വന്യമൃഗ പുനരധിവാസ കേന്ദ്രം നടത്തുകയാണ് ജോണ്‍. ഇവിടെ കടുവയും കരടിയുമടക്കം അനേകം മൃഗങ്ങളുണ്ട്. 25 വര്‍ഷമായി താനിത് ചെയ്യുകയാണെന്നും വന്യ മൃഗങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ഇയാള്‍ സ്വന്തം വെബ്സൈറ്റിലൂടെ പറയുന്നു. കേന്ദ്രത്തില്‍ എത്തുന്നവര്‍ക്കായി പ്രകൃതിയെ അറിയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയും ചെയ്യുന്നതായി വെബ്സൈറ്റ് വ്യക്തമാക്കുന്നു.
നേരത്തെയും കടുവയുമായി ഇയാള്‍ ബാറില്‍ എത്തിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ തവണ ഇയാള്‍ കടുവയുമായി വന്നപ്പോള്‍ ഒരു സ്ത്രീയെ കടിച്ചതായും പറയുന്നു. ഈ സ്ത്രീയെ കണ്ടെത്തി പരാതി സ്വീകരിക്കാനാണ് പൊലീസിന്റെ പദ്ധതി.
Post a Comment